ശീലാവ് കടിച്ചു, പല്ലുകള്‍ നട്ടെല്ലില്‍ തുളച്ചുകയറി; ഇടതുകൈയും കാലും തളര്‍ന്നു, യുവാവിന് കൊച്ചിയില്‍ ശസ്ത്രക്രിയ

Mar 14, 2025

കൊച്ചി: മത്സ്യബന്ധനത്തിനിടെ ശീലാവ് മത്സ്യത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാലിദ്വീപ് സ്വദേശിക്ക് അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ. ശീലാവിന്റെ മൂര്‍ച്ചയുള്ള പല്ലുകള്‍ നട്ടെല്ലില്‍ ആഴത്തില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ അടിയന്തരമായി കൊച്ചിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. നട്ടെല്ലില്‍ നടത്തിയ സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

മാലിദ്വീപില്‍ രാത്രിയില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് കടല്‍ വെള്ളരി ശേഖരിക്കുന്നതിനിടെയാണ് യുവാവ് ശീലാവിന്റെ ആക്രമണം നേരിട്ടത്. ശക്തമായ കടിയേറ്റതിനാലാണ് യുവാവിന്റെ നട്ടെല്ലിനും കഴുത്തിന്റെ പിന്‍ഭാഗത്തുള്ള കശേരുക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ആദ്യം, അദ്ദേഹത്തെ മാലിദ്വീപിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കുകളുടെ ഗുരുതരമായ സ്വഭാവം കണക്കിലെടുത്ത്, വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ തന്നെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു.

മത്സ്യത്തിന്റെ പല്ലുകള്‍ നട്ടെല്ലില്‍ ആഴത്തില്‍ തുളച്ചുകയറിയതായും ഇതുമൂലം ഇടതുകൈയും കാലും തളര്‍ന്നുപോയതായും പരിശോധനയില്‍ കണ്ടെത്തി. കൂടുതല്‍ പരിശോധനയില്‍ മത്സ്യത്തിന്റെ പല്ലുകളുടെ ഭാഗങ്ങള്‍ നട്ടെല്ലില്‍ തുളഞ്ഞുകയറിയിട്ടുണ്ടെന്നും തിരിച്ചറിഞ്ഞു.

ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. സജേഷ് മേനോന്‍, ഡോ. ഡാല്‍വിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ നട്ടെല്ലില്‍ തുളഞ്ഞുകയറിയ പല്ലുകളുടെ ഭാഗങ്ങള്‍ നീക്കം ചെയ്തു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം, രോഗിയെ വാര്‍ഡിലേക്ക് മാറ്റി. നട്ടെല്ല് ശസ്ത്രക്രിയ വളരെ അപൂര്‍വവും വെല്ലുവിളി നിറഞ്ഞതുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മാലിദ്വീപില്‍ മുമ്പും ശീലാവിന്റെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

LATEST NEWS
ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്ക്ക്; ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നയാള്‍

ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്ക്ക്; ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നയാള്‍

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്‌ക്കെന്ന് പൊലീസിന്റെ...