തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ചത്തു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ കടുവയെ ഇന്ന് മയക്കുവെടി വച്ചിരുന്നു. കാലിന് പരിക്കേറ്റ നിലയിലുണ്ടായിരുന്ന കടുവയെ ചികിത്സയ്ക്കായി തേക്കടിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതിനിടെയാണ് കടുവ ചത്തത്. കടുവ ചത്തത് വെടിയേറ്റാണെന്ന് കോട്ടയം ഡിഎഫ്ഒ സ്ഥിരീകരിച്ചു. മയക്കുവെടിവച്ച ശേഷവും കടുവ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ സ്വയം രക്ഷയ്ക്കായി കടുവയെ വെടിവയ്‌ക്കേണ്ടി വന്നതായും ഡിഎഫ്ഒ അറിയിച്ചു.
ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഭീതിപരത്തിയ കടുവയെ ആണ് ദിവസങ്ങള്‍ ഒടുവില്‍ വനം വകുപ്പ് മയക്കുവെടിവച്ചത്. ഇന്ന് പുലര്‍ച്ചെ ആണ് കടുവ അരണക്കല്ലിലെ ലയത്തിന് സമീപം എത്തി വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് സമീപത്തെ തേയില തോട്ടത്തില്‍ കിടന്ന കടുവാ അനുയോജ്യമായ സ്ഥലത്തേയ്ക് നീങ്ങിയതോടെയാണ് ദൗത്യ സംഘം വെടിയുതിര്‍ത്തത്. ആദ്യറൗണ്ട് വെടിയേറ്റപ്പോള്‍ അക്രമാസക്തനായ കടുവ രണ്ടാം റൗണ്ട് വെടിയേറ്റപ്പോഴാണ് മയങ്ങി വീണത്. പിന്നാലെ കടുവയെ വലയ്ക്കുള്ളിലാക്കി പ്രത്യേക കവചിത വാഹനത്തില്‍ കയറ്റി തേക്കടിയിലേക്ക് കൊണ്ടുപോവുകയായിരുന്നു .
ഈ മാസം 10ാം തീയതിയാണ് ഗ്രാമ്പിയിലെ തേയില തോട്ടത്തില്‍ കടുവയെ കണ്ടത്. തൊട്ടടുത്ത ദിവസം തന്നെ ഇവിടെ കൂട് സ്ഥാപിച്ചു. എന്നാല്‍ കടുവ കൂട്ടില്‍ കയറാതെ വന്നതോടെയാണ് മയക്ക് വെടി വയ്ക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ച മുതല്‍ ഇതിനുള്ള ശ്രമം തുടങ്ങി. കോട്ടയം ഡി എഫ് ഒ രാജേഷിന്റെയും വെറ്ററിനറി സര്‍ജന്‍ ഡോ. അനുരാജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
ഇന്ന് പുലര്‍ച്ചെ അരണക്കല്‍ എസ്‌റ്റേറ്റ് ലയത്തിനു സമീപം എത്തിയ കടുവ, ഒരു പശുവിനേയും നായയേയും കൊലപ്പെടുത്തി. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവില്‍ കടുവയെ കണ്ടെത്തുകയും മയക്ക് വെടി വയ്ക്കുകയുമായിരുന്നു. കടുവയെ പിടികൂടിയതോടെ ദൗത്യത്തിന്റെ ഭാഗമായി മേഖലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു