എംപുരാന്‍, വിവാദം കത്തിക്കയറിയ അഞ്ച് ദിനങ്ങള്‍

Apr 1, 2025

കൊച്ചി: ഒരു മലയാള സിനിമ, എല്‍ 2: എംപുരാന്‍ റിലീസ് ചെയ്ത് അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോഴും സജീവ ചര്‍ച്ചയായി തുടരുന്നു. ചൂടേറിയ രാഷ്ട്രീയ സംവാദത്തിനും, ആരോപണ പ്രത്യാരോപണങ്ങള്‍ക്കും മുതല്‍ ട്രോളുകള്‍ക്ക് വരെ വിഷയമായാണ് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എംപുരാന്‍ അഞ്ച് ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

സിനിമയില്‍ ഉപയോഗിച്ച ചില വിഷയങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് എംപുരാന്‍ വിവാദത്തിന്റെ കേന്ദ്ര ബിന്ദു ആയത്. ഇതിനിടെ ചിത്രത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തുകയും ചെയ്തു. ഉന്നയിച്ച എതിര്‍പ്പുകള്‍ അനുസരിച്ച് ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ മാറ്റി, പ്രതിഷേധം അവസാനിപ്പിക്കാന്‍ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ഇടപെട്ട് നടപടികള്‍ എടുത്തിരുന്നു. എന്നാല്‍, ആര്‍എസ്എസ് മുഖപത്രമായ ‘ഓര്‍ഗനൈസര്‍’ ഉള്‍പ്പെടെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ചിത്രത്തിനും അണിയറ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുന്ന കാഴ്ചയാണ് തിങ്കളാഴ്ചയും കണ്ടത്.

സംസ്ഥാന മന്ത്രിമാരായ സജി ചെറിയാന്‍, പി രാജീവ്, ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ആഷിക് അബു തുടങ്ങിയവര്‍ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തി.

‘ചിത്രം എല്ലാവരും കാണണം. സിനിമയ്ക്കുള്ള പിന്തുണ എന്ന സന്ദേശം ഇത് നല്‍കുന്നു. സിനിമ സാങ്കേതികമായി ആഗോള നിലവാരം പുലര്‍ത്തുന്നതാണ് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എതിരായ നീക്കങ്ങളെ ചെറുക്കാന്‍ കേരളം ഒന്നിക്കണമെന്ന് മന്ത്രി പി രാജീവും ആവശ്യപ്പെട്ടു.

എന്നാല്‍, സിനിമയ്ക്ക് എതിരായ പ്രതിഷേധം സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന നിലയിലേക്ക് തിരിയുന്ന കാഴ്ചകളും കേരളം കണ്ടു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ അങ്കമാലിയില്‍ നടത്തിയ പ്രസംഗമായിരുന്നു ഇതില്‍ പ്രധാനം. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയ മേനോനുമെതിരെ ആയിരുന്നു ബിജെപി നേതാവിന്റെ പരമാര്‍ശം. സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍ ആണെന്ന ഗുരുതര ആരോപണമായിരുന്നു ബി ഗോപാലകൃഷ്ണന്‍ ഉന്നയിച്ചത്.

cake tower new
LATEST NEWS