മലപ്പുറം: മഞ്ചേരിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛന്‍ മരിച്ചു. ചാരങ്കാവ് തെക്കെ വീട്ടില്‍ ശങ്കരനാരായണനാണ് മരിച്ചത്. 77 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളെ കൊലപ്പെടുത്തി കേസിലെ പ്രതിയെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ ശങ്കരനാരായണനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
2001 ഫെബ്രുവരി ഒന്‍പതിന് സ്‌കൂള്‍ വിട്ടുവരുന്ന വഴി കൃഷ്ണപ്രിയയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ (24) പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പിടിയിലായ പ്രതിയെ കോടതി ശിക്ഷിച്ചു. പക്ഷേ, ജാമ്യത്തിലിറങ്ങിയ പ്രതിയെ 2002 ജൂലായ് 27ന് കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണന്‍ വെടിവച്ചുകൊലപ്പെടുത്തി.
മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റി, ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്ന് കാണിച്ചാണ് കോടതി ശങ്കരനാരായണനെ വെറുതെ വിട്ടത്.