ഒരു പിടി അവിലിനായി മാവിലാക്കാവില്‍ അടിയുത്സവം, ആര്‍പ്പുവിളിച്ച് പതിനായിരങ്ങള്‍; അറിയാം ഐതീഹ്യം

Apr 18, 2025

കണ്ണൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മാവിലാക്കാവ് ദൈവത്താറീശ്വര ക്ഷേത്രത്തില്‍ ഇക്കുറിയും അടിയുത്സവം നടന്നു. പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ ആര്‍പ്പുവിളികളോടെയാണ് ഇക്കുറിയും പെരളശേരി മൂന്നാം പാലം നിലാഞ്ചിറ വയലില്‍ അടിയുത്സവം നടന്നത്.

സുധാകരന്റെ നേതൃത്വത്തില്‍ മൂത്ത കൂര്‍വാടിലെയും നിധിന്‍ നെടുമ്പറമ്പിന്റെ നേതൃത്വത്തില്‍ ഇളയ കൂര്‍വാടിലെയും കുളിച്ചുടുത്ത കരുത്തരായ വാല്യക്കാരുടെ ചുമലില്‍ ഇരുന്നാണ് അടിയുത്സവം നടത്തിയത്. വ്യാഴാഴ്ച രാത്രി 7.55 ന് തുടങ്ങിയ ആദ്യ റൗണ്ട് അടി 8.10 വരെയും 8 .10ന് തുടങ്ങിയ രണ്ടാം റൗണ്ട് അടി 8.20 വരെയും നീണ്ടുനിന്നു. ഇരുപക്ഷത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി നാട്ടുകാരും ഇരുവശവും ചേര്‍ന്നതോടെ അടിയുത്സവത്തിന്റെ ആവേശം പരകോടിയിലെത്തി.

ഒരു പിടി അവലിന് വേണ്ടി ദൈവത്താറീശ്വരന്റെ സാന്നിദ്ധ്യത്തില്‍ സഹോദരന്‍മാര്‍ നടത്തിയ അടിയുടെ ഓര്‍മ്മ പുതുക്കലാണ് അടിയുത്സവമായി ഇന്നും മാവിലാക്കാവില്‍ നടത്തിവരുന്നത്. കുന്നോത്തിടത്തില്‍ മുടിയും വില്ലാട്ടവും കഴിഞ്ഞ ശേഷം ദൈവത്താറുടെ മഞ്ഞള്‍ പൊടിയെറിഞ്ഞ് കൊണ്ടുള്ള നടപാഞ്ഞുകയറ്റം ചടങ്ങും നടന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി വില്ലാട്ടവും മുടിയഴിക്കലും നടത്തിയ ശേഷമാണ് നിലാഞ്ചിറയില്‍ അടിയുത്സവം നടന്നത്. വിദേശ രാജ്യങ്ങളിലും സൈന്യത്തിലും ജോലി ചെയ്യുന്നവര്‍ ദൂരദേശങ്ങളില്‍ നിന്നും അടിയുത്സവത്തില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്.

വിഷുവിളക്കുത്സവത്തിന്റെ ഭാഗമായാണ് ചരിത്ര പ്രസിദ്ധമായ മാവിലാക്കാവില്‍ അടി നടക്കുന്നത്. എട്ടിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഉപക്ഷേത്രങ്ങള്‍ മാവിലാക്കാവിനുണ്ട്. കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ മാവിലായിയിലാണ് മാവിലാക്കാവ്. മൂന്നാം പാലത്തെ നിലാഞ്ചിറ വയലില്‍ ജന സഹസ്രങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു അടി. നമ്പ്യാര്‍ സമുദായത്തിലെ കൈക്കോളന്‍മാര്‍ മൂത്ത കൂര്‍വാടും ഇളയകൂര്‍വാടുമായി ചേരിതിരിഞ്ഞ് മറ്റുള്ളവരുടെ ചുമലില്‍ കയറി ഇരുന്നു പരസ്പരം കൈകൊണ്ട് അടിക്കുകയാണ് ചെയ്യുന്നത്.

അവില്‍പൊതിക്ക് വേണ്ടി ബാലന്‍മാര്‍ കച്ചേരി ഇല്ലത്ത് വെച്ചും തുടര്‍ന്ന് മാവിലായി വയലില്‍ വെച്ചും നടത്തിയ അടിയുടെ ഓര്‍മ്മയ്ക്കായാണ് അടിയുത്സവം കൊണ്ടാടുന്നത്. കണ്ണൂരില്‍ മാത്രമല്ല കേരള മെങ്ങും അറിയപ്പെടുന്ന വ്യത്യസ്ത ക്ഷേത്രോത്സവങ്ങളിലൊന്നാണ് മാവിലാക്കാവിലെ അടിയുത്സവം. കച്ചേരിക്കാവില്‍ ബ്രാഹ്മണന്‍ ഈഴവപ്രമാണിയില്‍ നിന്നു അവില്‍പ്പൊതി വാങ്ങി തിങ്ങിനിറഞ്ഞ പുരുഷാരത്തിന് നടുവിലേക്ക് എറിഞ്ഞുകൊടുക്കുന്നു. അവില്‍ക്കൂടിനായി അടി തുടങ്ങുന്നു. ‘മൂത്തകുര്‍വാട്’, ‘ഇളയ കുര്‍വാട്’ എന്നിങ്ങനെ സഹോദരങ്ങള്‍ രണ്ടായി തിരിഞ്ഞാണ് അടി നടന്നത്. കൈക്കോളന്‍മാര്‍ ആളുകളുടെ ചുമലില്‍ കയറി അന്യോന്യം പൊരുതുന്നു.

കച്ചേരിക്കാവിലും നിലാഞ്ചിറ വയലിലും അടി അരങ്ങേറുന്നതിനെപ്പറ്റി ഐതീഹ്യങ്ങളുണ്ട്. ഇന്നത്തെ കടമ്പൂര്‍ അംശത്തിലെ ‘ഒരികര’ എന്ന പ്രദേശത്തെ കച്ചേരി ഇല്ലത്താണ്, ചെമ്പകശ്ശേരി കോവിലകത്ത് തമ്പുരാനും കുടുംബവും താമസിച്ചിരുന്നത്. ആചാരപ്രകാരം വിഷുപുലരിയില്‍ ഈഴവപ്രമാണിയായ ‘വണ്ണാത്തിക്കണ്ടി തണ്ടയാന്‍’ തമ്പുരാന് അവില്‍പ്പൊതി കാഴ്ചവെയ്ക്കുന്ന പതിവുണ്ടായിരുന്നു. തണ്ടയാന്‍ കാഴ്ചവെച്ച അവില്‍പ്പൊതിക്കായി തമ്പുരാന്റെ രണ്ടു മക്കളും തമ്മില്‍ ഉന്തും തള്ളും അടിയുമായി. കളി കാര്യമായതു കണ്ട് തമ്പുരാന്‍ തന്റെ കുലദൈവമായ ദൈവത്താറെ വിളിച്ച് ധ്യാനിച്ചു. ദൈവത്താര്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, ദൈവത്തിന് കുട്ടികളുടെ ഈ വികൃതിയില്‍ കൗതുകം തോന്നുകയും അല്‍പ്പസമയം അത് കണ്ട് രസിക്കുകയും ചെയ്തു. തുടര്‍ന്ന് അടി അവസാനിപ്പിക്കാന്‍ പറഞ്ഞു. ദേവപ്രീതിക്കായി എല്ലാ വര്‍ഷവും അടിയുത്സവം നടത്താന്‍ അരുളിച്ചെയ്യുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം.

cake tower new
LATEST NEWS
പരാതി നല്‍കാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

പരാതി നല്‍കാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

കൊച്ചി: പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍...