പാകിസ്ഥാനെതിരെ സൈനിക നീക്കം അടക്കം ആലോചിച്ചു; മോദിയെ ഒറ്റയ്ക്ക് കണ്ട് അമിത് ഷാ, നിര്‍ണായക വിവരം കൈമാറി?

Apr 24, 2025

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ യോഗത്തില്‍ പാകിസ്ഥാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതും ചര്‍ച്ചയായി. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന യോഗം സ്ഥിതിഗതികള്‍ വിശദമായി ചര്‍ച്ച ചെയ്തു. രാജ്യം തലകുനിക്കാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെയായിരുന്നു യോഗം പൂര്‍ത്തിയാക്കിയത്.

ഭീകരരെ പിന്തുണയ്ക്കുന്നതിനെതിരെ സൈനിക നടപടി സ്വീകരിക്കുന്നത് യോഗത്തില്‍ ചര്‍ച്ചയായെങ്കിലും, തല്‍ക്കാലം പാകിസ്ഥാനെതിരെ നയതന്ത്രപരവും തന്ത്രപരവുമായ നിലപാട് കര്‍ശനമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കടുത്ത നടപടികളിലൂടെ നയതന്ത്ര തലത്തില്‍ അടക്കം പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ചു. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ അവസാനിപ്പിക്കുകയും, പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെക്കുകയും, വാഗ-അട്ടാരി അതിര്‍ത്തി ഉടന്‍ അടയ്ക്കാനും യോഗം തീരുമാനമെടുത്തു.

ഇസ്ലാമാബാദില്‍ നിന്ന് നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാന്‍ വിശ്വസനീയമായ തരത്തില്‍ ഉപേക്ഷിക്കുന്നതുവരെ 1960 ലെ സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവെക്കുമെന്നും, ഈ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ അറിയിച്ചു. മന്ത്രിസഭാ സമിതി യോഗത്തില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരാണ് പങ്കെടുത്തത്.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ വിശദീകരണത്തോടെയാണ് യോഗത്തിന് തുടക്കമായത്. പിന്നാലെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥലത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. തുടര്‍ന്നാണ് ഭീകരാക്രമണത്തിന് ഏതു തരത്തില്‍ തിരിച്ചടി നല്‍കണമെന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായത്. ഇതു കൂടാതെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സ്ഥിതിയും യോഗം വിലയിരുത്തി. സൈന്യത്തിന് അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി. പാകിസ്ഥാന്‍ ഭീകരതയെ പിന്തുണയ്ക്കുന്നത് അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തിക്കാട്ടാനും മന്ത്രിസഭാ സമിതി തീരുമാനിച്ചു.

മന്ത്രിസഭാസമിതി യോഗത്തിന് ശേഷം, ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ ഒറ്റയ്ക്ക് കണ്ട് സ്വകാര്യ ചര്‍ച്ചയും നടത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട സെന്‍സിറ്റീവായ യതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട നിര്‍ണായകവും അതീവ രഹസ്യസ്വഭാവമുള്ളതുമായി വിവരം കൈമാറിയതായി സൂചനയുണ്ട്. പാകിസ്ഥാനെതിരെ സ്വീകരിച്ചിട്ടുള്ള നയതന്ത്ര തലത്തിലുള്ള കടുത്ത നടപടികള്‍, രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കുന്നതിനും അടുത്ത ഘട്ട നടപടികളെക്കുറിച്ച് സമവായം ഉണ്ടാക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

LATEST NEWS