അജ്ഞാത കോളുകള്‍ സൂക്ഷിക്കുക!; പണം നഷ്ടപ്പെടാം: മുന്നറിയിപ്പ്

Apr 28, 2025

ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഓരോ നീക്കവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളില്‍ ഒന്നാണ് കോള്‍ മെര്‍ജിങ് തട്ടിപ്പ്.

കോള്‍ മെര്‍ജിങ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഒടിപി വഴി ബാങ്ക് അക്കൗണ്ടുകളിലേക്കോ മറ്റ് സുരക്ഷിത പ്ലാറ്റ്ഫോമുകളിലേക്കോ അനധികൃതമായി ആക്സസ് നേടിയാണ് കോള്‍ മെര്‍ജിങ് തട്ടിപ്പ് നടക്കുന്നത്.

തട്ടിപ്പ് രീതി എങ്ങനെ?

ആദ്യം അപ്രതീക്ഷിതമായി കോള്‍ വരും. മ്യൂച്ചല്‍ ഫ്രണ്ടില്‍ നിന്നോ മറ്റൊരു വിശ്വസനീയമായ ഉറവിടത്തില്‍ നിന്നോ താങ്കളുടെ നമ്പര്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരന്‍ ഫോണ്‍ വിളിക്കുക.

ഉടന്‍ തന്നെ കോള്‍ മെര്‍ജ് ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും.

കോള്‍ മെര്‍ജിങ് കഴിഞ്ഞാല്‍ ഉപഭോക്താവ് അറിയാതെ തന്നെ, ഉപഭോക്താവിന്റെ ബാങ്കില്‍ നിന്നുള്ള ഒരു ഓട്ടോമേറ്റഡ് ഒടിപി വെരിഫിക്കേഷന്‍ കോളുമായി കണക്റ്റ് ആവുന്നു.

സ്ഥിരീകരണത്തിന് ആവശ്യമാണെന്ന് പറഞ്ഞ് ഒടിപി പങ്കിടാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഒടിപി പങ്കിടുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്ന തരത്തിലാണ് തട്ടിപ്പ്

സ്വയം എങ്ങനെ രക്ഷപ്പെടാം?

അജ്ഞാതരായ ആളുകളുമായി കോളുകള്‍ ഒരിക്കലും മെര്‍ജ് ചെയ്യരുത്. പരിചയമില്ലാത്ത ആരെങ്കിലും കോളുകള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, ഉടന്‍ നിരസിക്കുക. ഒരിക്കലും അറിയാത്ത ആളുമായി ഒടിപി അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കിടരുത്.

ആരെങ്കിലും ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ടാല്‍ അവരുടെ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഉപയോഗിച്ച് ബാങ്കിലേക്ക് നേരിട്ട് വിളിക്കുക.

കോളുകളിലൂടെ ബാങ്കുകള്‍ ഒരിക്കലും ഒടിപി ആവശ്യപ്പെടില്ല എന്ന കാര്യം ഓര്‍ക്കുക. ഫോണ്‍ കോളിലൂടെ ഒടിപി ആവശ്യപ്പെടുന്നത് തട്ടിപ്പ് ആണെന്ന് തിരിച്ചറിയുക

അപ്രതീക്ഷിതമായി ഒടിപി ലഭിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ 1930 (ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈന്‍) എന്ന നമ്പറില്‍ വിളിച്ചും ബാങ്കിനെ വിളിച്ചും വിവരം കൈമാറുക.

ചോര്‍ന്ന ഡാറ്റാബേസുകളില്‍ നിന്നോ സോഷ്യല്‍ മീഡിയയില്‍ നിന്നോ ഫിഷിംഗ് ശ്രമങ്ങള്‍ വഴിയോ ആകാം തട്ടിപ്പുകാര്‍ പലപ്പോഴും നമ്പറുകള്‍ നേടുന്നത്. കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കിടുമ്പോള്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. വിളിക്കുന്നയാളുടെ ഐഡന്റിറ്റിയില്‍ ഉറപ്പുണ്ടെങ്കില്‍ മാത്രം കോളുകള്‍ മെര്‍ജ് ചെയ്യുക. സംശയമുണ്ടെങ്കില്‍, കോള്‍ അവസാനിപ്പിച്ച് സ്വതന്ത്രമായി പരിശോധിക്കുക.

cake tower new
LATEST NEWS