ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്ന് സായുധ സേനാ മേധാവികള്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിന് മോദി അധ്യക്ഷത വഹിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. മോഹന്‍ ഭാഗവതുമായുള്ള മോദിയുടെ കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തതായി സൂചനയുണ്ട്.
ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന് ശക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ, പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു മോഹന്‍ ഭാഗവതും മോദിയും ആശയവിനിമയം നടത്തിയത്. ഭരണകക്ഷിയായ ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായാണ് ആര്‍എസ്എസിനെ കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെ ഏറെ പ്രാധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളത് ചുരുക്കം ചില അവസരങ്ങളില്‍ മാത്രമാണ്. ഭീകരാക്രമണത്തിനുശേഷം വ്യാപകമായി ഭീകരവിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെയുള്ള ആക്രമണമായി കണ്ട് ഭീകരാക്രമണത്തെ ആര്‍എസ്എസ് അപലപിച്ചിരുന്നു. ഇതിന് പിന്നിലുള്ളവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വ്യത്യാസങ്ങള്‍ മറന്ന് ഈ ഭീകരപ്രവര്‍ത്തനത്തെ അപലപിക്കണമെന്നാണ് ആര്‍എസ്എസിന്റെ നിലപാട്. ഭീകരാക്രമണത്തിന് വിധേയരായവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കണം. ഈ ആക്രമണത്തിന് ഉത്തരവാദികളായ ആളുകള്‍ക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.