തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തോടെ ജനജീവിതം ദുസ്സഹമായി. കണ്ണൂര്‍ ആറളം ഫാമില്‍ തെങ്ങുചെത്ത് തൊഴിലാളി തെങ്ങ് ചെത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചു. തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ ശിവക്ഷേത്രം മുങ്ങി. ചൂരല്‍മഴ പുനപ്പുഴയില്‍ കുത്തൊഴുക്ക് തുടരുകയാണ്. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി.
സംസ്ഥാനത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്ന് രാവിലെയും തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് മഴ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂരില്‍ ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴ രാവിലെയും തുടരുകയാണ്. കനത്തമഴയില്‍ ജില്ലയിലെ താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറി. കണ്ണൂര്‍ നഗരത്തിലെ റോഡുകളിലുള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ആറളം ഫാമില്‍ തെങ്ങുചെത്ത് തൊഴിലാളി രാജീവന്‍ ആണ് തെങ്ങ് ചെത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. മാടപ്പീടിക മേഖലയില്‍ കാറ്റില്‍ കനത്ത നാശമുണ്ടായി. മലയോര മേഖലയിലാണ് കനത്ത മഴ പെയ്യുന്നത്. ഇരിട്ടി പഴശ്ശി ഡാമില്‍ മൂന്ന് മീറ്ററിലധികം വെള്ളം ഉയര്‍ന്നു. പഴശ്ശി ഡാമിന്റെ 16 സ്പില്‍വേ ഷട്ടറുകളില്‍ 13 എണ്ണം ആണ് തുറന്നിട്ടുള്ളത്. നിലവിലെ ജലനിരപ്പ് 24.05 മീറ്റര്‍ ആണ്. ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കോഴിക്കോടും മഴ ശക്തമായി തുടരുകയാണ്. കക്കയം ഡാമില്‍ ജലനിരപ്പ് 2484.6 അടി ആയി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഴ തുടര്‍ന്നാല്‍ ഡാം ഷട്ടര്‍ തുറന്ന് വെള്ളം കരിയാത്തുംപാറ പുഴയിലേക്ക് ഒഴുക്കും. കരിയാത്തുംപാറ, കുറ്റ്യാടി പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പുതുക്കുറിച്ചി സ്വദേശി ആന്റണി ലിയോണിനെ (65) ആണ് കാണാതായത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. വയനാട് മുത്തങ്ങയില്‍ കല്ലൂര്‍പുഴ കരകവിഞ്ഞൊഴുകുകയാണ്. കനത്തമഴയെ തുടര്‍ന്ന് ചൂരല്‍മല പുനപ്പുഴയിലെ കുത്തൊഴുക്ക് തുടരുകയാണ്. കബനിയില്‍ കാലാവസ്ഥ വകുപ്പ് പ്രളയസാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


















