ഭോപ്പാല്‍: നിയമനം ലഭിച്ചതിന് ശേഷം ഡ്യൂട്ടി ചെയ്യുകയോ പരീശീലനത്തില്‍ പങ്കെടുക്കുകയോ ചെയ്യാതെ 12 വര്‍ഷം 35 ലക്ഷം രൂപ ശമ്പളം കൈപ്പറ്റി പൊലീസ് കോണ്‍സ്റ്റബിള്‍. മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ നിന്നുള്ള പൊലീസുകാരന് 2011-2012 കാലഘട്ടത്തിലാണ് നിയമനം ലഭിച്ചത്.
പൊലീസ് സേനയില്‍ ചേര്‍ന്നതിന് ശേഷം സാഗര്‍ ജില്ലയില്‍ നിര്‍ബന്ധിത പരിശീലനത്തിനായി അയച്ചെങ്കിലും അഭിഷേക് അതില്‍ പങ്കെടുത്തിരുന്നില്ല. പകരം തന്റെ വീട്ടിലേയ്ക്ക് പോവുകയാണ് ചെയ്തത്. വീട്ടിലെത്തിയ അഭിഷേക് തന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി സര്‍വീസ് ഫയല്‍ സ്പീഡ് പോസ്റ്റ് വഴി അയച്ചു കൊടുത്തു. ഭോപ്പാലിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യാതൊരു പരിശോധനയും കൂടാതെ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. അങ്ങനെയാണ് 12 വര്‍ഷമായി ഇയാള്‍ക്ക് ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്നത്.
2011-12ബാച്ച് കോണ്‍സ്റ്റബിള്‍മാരുടെ സര്‍വീസ് റെക്കോര്‍ഡുകള്‍ അവലോകനം ചെയ്തപ്പോഴാണ് ക്രമക്കേട് പുറത്ത് വന്നത്. സര്‍വീസ് റെക്കോര്‍ഡ് പരിശോധനയില്‍ ഡ്യൂട്ടി റെക്കോര്‍ഡുകള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്‌റ്റേഷനില്‍ ഹാജരാകുകയും 12 വര്‍ഷമായി ലഭിച്ച ശമ്പളം തവണകളായി തിരികെ നല്‍കുമെന്നും വ്യക്തമാക്കി. ഒരു ലക്ഷം രൂപ ഇതിനകം ഇയാള്‍ തിരികെ ന്ല്‍കി. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.