ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പക്ഷേ ഇവിടെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. അപകടത്തിനു ശേഷം അധികൃതര്‍ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും എടുത്തുമാറ്റുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. സ്‌കൂളിലെ പ്രധാനാധ്യാപകന്റെ മുറിയുടെ സമീപത്തെ മേല്‍ക്കൂരയാണ് തകര്‍ന്നത്. സ്‌കൂളിന്റെ ഓഫീസ് മുറിയിലേക്ക് കുട്ടികള്‍ പോകുന്ന വഴിയാണിത്.
മേല്‍ക്കൂര തകര്‍ന്ന കെട്ടിടത്തിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇക്കാരണത്താല്‍ തന്നെ സ്‌കൂളിന് പഞ്ചായത്തില്‍ നിന്ന് ഫിറ്റ്നസ് അനുവദിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. താത്കാലിക ഫിറ്റ്നസിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ടെങ്കിലും പണിതീരാത്തതിനാല്‍ പഴയ കെട്ടിടത്തില്‍ തന്നെയാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.