മലപ്പുറം: സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകനെതിരെ പീഡന പരാതി. വെയ്റ്റ് ലിഫ്റ്റിങ് കോച്ചിനെതിരെയാണ് വനിതാ താരങ്ങള്‍ പരാതി നല്‍കിയത്. പരിശീലകന്‍ മുഹമ്മദ് നിഷാഖ് മോശമായി പെരുമാറിയെന്ന് താരങ്ങളുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ പരിശീലകനെതിരെ പോക്‌സോ നിയമപ്രകാരം തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.
താരങ്ങളെ രാത്രി സമയത്ത് വിഡിയോ കോള്‍ ചെയ്ത് ബുദ്ധിമുട്ടിക്കുക, മത്സരിക്കാനുള്ള അവസരങ്ങള്‍ നല്‍കാമെന്നു പറഞ്ഞു കുട്ടികളെ ചൂഷണം ചെയ്യുക തുടങ്ങിയ പരാതികളാണ് പെണ്‍കുട്ടികള്‍ പരിശീലകനെതിരെ ഉന്നയിച്ചത്. കോച്ച് 24 മണിക്കൂറും തങ്ങളുടെ വ്യക്തി ജീവിതത്തില്‍ തെറ്റായ രീതിയില്‍ ഇടപെട്ടിരുന്നുവെന്നും പെണ്‍കുട്ടികളുടെ പരാതിയിലുണ്ട്.
ഇയാള്‍ക്കെതിരെ ജൂണ്‍ ആദ്യം മൂന്ന് പെണ്‍കുട്ടികള്‍ വെയ്റ്റ്‌ലിഫ്റ്റിങ് അസോസിയേഷനു പരാതി നല്‍കിയിരുന്നു. അസോസിയേഷന്‍ പരാതി സിഡബ്ല്യുസിക്ക് കൈമാറി. വിഷയത്തില്‍ സിഡബ്ല്യുസി കോട്ടക്കല്‍ പൊലീസിനോട് റിപ്പോര്‍ട്ടും തേടി.
എന്നാല്‍ കോട്ടക്കല്‍ പൊലീസ് വിഷയത്തില്‍ വേണ്ടവിധം നടപടികള്‍ എടുത്തില്ലെന്ന പരാതിയുയര്‍ന്നു. പിന്നീട് താരങ്ങളുടെ മൊഴി വീണ്ടുമെടുത്തു. അവര്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെയാണ് ഇപ്പോള്‍ പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. കോട്ടക്കല്‍ പൊലീസ് കേസെടുത്ത് തേഞ്ഞിപ്പലം പൊലീസിനു കൈമാറുകയായിരുന്നു.