ദുബൈ: യു എ ഇയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങളുടെ ശരീരവും മനസും തണുപ്പിക്കാൻ സർക്കാർ അവതരിപ്പിച്ച മാളത്തൺ പദ്ധതിക്ക് മികച്ച തുടക്കം. ആദ്യ ദിനം തന്നെ മാളുകളിൽ വ്യായാമം ചെയ്യാൻ നൂറ് കണക്കിന് ആളുകൾ എത്തിയതായി അധികൃതർ അറിയിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് മാളുകളിൽ രാവിലെ വ്യായാമം ചെയ്യാൻ അവസരമൊരുക്കിയത്.
രാവിലെ ഏഴ് മണി മുതൽ ആളുകൾ വിവിധ മാളുകളിൽ വ്യായാമം ചെയ്യാനെത്തി തുടങ്ങിയിരുന്നു. വ്യായാമം ചെയ്യാനെത്തുന്നവർക്ക് വേണ്ടി പ്രത്യേക പാത ഉൾപ്പെടെ അധികൃതർ മാളിനുളളിൽ തയ്യാറാക്കിയിരുന്നു. ഏറെ നാളിന് ശേഷം ഒന്ന് വിശാലമായി വ്യായാമം ചെയ്യാൻ പറ്റിയ സന്തോഷത്തിലായിരുന്നു പലരും. പുറത്ത് വലിയ ചൂട് അനുഭവപ്പെടുന്ന സമയത്ത് മാളിനുള്ളിലെ തണുത്ത അന്തരീക്ഷത്തിൽ വ്യായാമം ചെയ്യാൻ കഴിയും എന്ന് ഒരിക്കൽ പോലും കരുതിയില്ലെന്നാണ് പലരുടെയും അഭിപ്രായം.
ഷോപ്പിംഗിന് വേണ്ടിയാണ് ഇത് വരെ മാളുകളിൽ വന്നിരുന്നത്,എന്നാൽ വ്യായാമം ചെയ്യാൻ മാളിലേക്ക് വരുന്നത് പുതിയ ഒരു അനുഭവമാണ് നൽകുന്നത് എന്നാണ് മറ്റൊരാളുടെ അഭിപ്രായം. ദുബൈ സർക്കാർ പൊതു ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികൾ മികച്ചതാണെന്നാണ് മാളുകളിൽ നടക്കാനെത്തിയ എല്ലാവരുടെയും അഭിപ്രായം. ചൂട് ഒന്ന് കുറഞ്ഞിട്ടു കാറ്റും വെയിലുമൊക്കെ കൊണ്ട് വിശാലമായി വ്യായാമം ചെയ്യണമെന്ന ആഗ്രഹവും ചിലർ പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ ദുബൈ മാളത്തണിൽ പങ്കെടുക്കാൻ കൂടുതലാളുകൾ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.