കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പ് ഗായകന്‍ വേടനെ തിരഞ്ഞ് പൊലീസ്. ഇന്നലെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. കേസിന് പിന്നാലെ വേടന്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് വേടന്റെ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് മതിയെന്നായിരുന്നു പൊലീസിന്റെ തീരുമാനം. യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. ഓഗസ്റ്റ് 18നാണ് ഹൈക്കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുക. തനിക്കെതിരെ പരാതി നല്‍കുമെന്ന് യുവതി ഭീഷണി സന്ദേശം തനിക്കും മാനേജര്‍ക്കും അയച്ചിരുന്നുവെന്നും വേടന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷമായിരുന്നു പീഡനം. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.