പൊതുഇടങ്ങളില്‍ സ്വയംഭോഗം, നഗ്നതാ പ്രദര്‍ശനം; കേരളത്തില്‍ കേസുകള്‍ വര്‍ധിക്കുന്നു

Aug 2, 2025

കോഴിക്കോട്: നഗ്നതാ പ്രദശനം ഉള്‍പ്പെടെ സംസ്ഥാനത്ത് പൊതുഇടങ്ങളില്‍ മോശം പെരുമാറ്റങ്ങള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പരസ്യമായ സ്വയംഭോഗം, നഗ്നതാ പ്രദര്‍ശനം, മറ്റ് അശ്ലീലമായ പെരുമാറ്റം തുടങ്ങി സംസ്ഥാനത്ത് പൊതു ഇടങ്ങളിലെ അശ്ലീല പ്രവര്‍ത്തികള്‍ വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലം കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവം ഉള്‍പ്പെടെ പുറത്തറിഞ്ഞതും അറിയാത്തതുമായ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കെഎസ്ആര്‍ടിസി ബസില്‍ ഉള്‍പ്പെടെ പൊതു ഗതാഗത സംവിധാനങ്ങളില്‍ പരസ്യമായി ഇത്തരം പെരുമാറ്റങ്ങള്‍ നിരന്തരം എന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതകള്‍ക്ക് എതിരെ പ്രതികരണങ്ങള്‍ ഉയരുമ്പോള്‍ മാത്രമാണ് പൊതു ജന ശ്രദ്ധയില്‍ വരുന്നത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികളെ ന്യായീകരിക്കുന്ന പ്രവണതയും വര്‍ധിച്ചു വരുന്നു എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത. തൃശൂരില്‍ ബസില്‍ യുവതിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ വ്യക്തിക്ക് ജയിലിന് മുന്നില്‍ സ്വീകരണം നല്‍കിയ സംഭവം ഉള്‍പ്പെടെ ഇതിന്റെ ഉദാഹരണമാണ്.

ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന പരാതികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2024 മെയ് മുതല്‍ 2025 വരെയുള്ള സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. പൊതു ഇടങ്ങളിലെ നഗ്നതാ പ്രദര്‍ശനം, സ്വയംഭോഗം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. 193 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറണാകുളം (157), തിരുവനന്തപുരം (123), കാസര്‍കോട് (98), കൊല്ലം (76), മലപ്പുറം (74), പാലക്കാട് (67), ആലപ്പുഴ (66), കോട്ടയം (54) എന്നിവയാണ് തൊട്ടുപിന്നില്‍. പത്തനംതിട്ട (43), കണ്ണൂര്‍ (35), ഇടുക്കി (33), വയനാട് (29), തൃശൂര്‍ (24) എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.

തിരിച്ചടിയായി നിയമ പഴുതുകള്‍

നഗ്നതാ പ്രദര്‍ശനം, പൊതു ഇടങ്ങളിലെ സ്വയം ഭോഗം തുടങ്ങിയ സംഭവങ്ങളില്‍ കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ നല്‍കുന്നതിന് ഉതകുന്ന നിയമ വ്യവസ്ഥകളുടെ അഭാവം കേസുകളില്‍ തിരിച്ചടിയാകുന്നതാണ് പ്രധാന വെല്ലുവിളി. പലപ്പോഴും ഇരകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ മാത്രമാണ് കേസുകളില്‍ തെളിവുകളാവുന്നത്. അപ്പോഴും നിയമ നടപടികളിലെ കാല താമസം ഉള്‍പ്പെടെ പരാതിപ്പെടുന്നതില്‍ നിന്നും ഇരകളെ പിന്തിരിപ്പിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

ലൈംഗികത വെളിവാക്കുന്ന ഇടപെടലുകള്‍, പൊതു സ്വയംഭോഗം, പിന്തുടരല്‍, നഗ്നതാ പ്രദര്‍ശനം തുടങ്ങി തെരുവുകളില്‍ വച്ച് നേരിടേണ്ടിവരുന്ന പീഡന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായി കോഴിക്കോട്ടെ അഭിഭാഷകനായി രോഹിത് രാജ് പറയുന്നു. ഇത്തരം സംഭവങ്ങളില്‍ പലപ്പോഴും ഇരകള്‍ക്ക് ശാരീരികമായ അതിക്രമങ്ങള്‍ നേരിടേണ്ടി വരാറില്ല, എന്നാല്‍ അവര്‍ക്ക് ഉണ്ടാക്കുന്ന മാനസികമായ ആഘാതങ്ങള്‍ വലുതാണ്. സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന നീചമായ പ്രവൃത്തിയായി മാത്രമേ ഇത്തരം സംഭവങ്ങളെ കാണാന്‍ കഴിയു. പൊതു സ്വയംഭോഗം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 354, 509, 268, 355, ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) സെക്ഷന്‍ 73, 77, 285, 124, എന്നിവയുടെ കീഴിലും അനുബന്ധ സെക്ഷന്‍ 73, 77, 285, 124 എന്നിവയിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, ഒരു പ്രത്യേക നിയമത്തിന്റെ അഭാവം കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നുണ്ടെന്നും രോഹിത് രാജ് പറയുന്നു.

മാനസിക പ്രശ്‌നങ്ങള്‍

പൊതുഇടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് എത്തുന്നവരില്‍ വലിയൊരു വിഭാഗം പാരഫീലിയ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരാണെന്നാണ് പ്രശസ്ത സൈക്യാട്രിസ്റ്റ് റീന രവി പറയുന്നത്. അസാധാരണമായ വസ്തുക്കളോടുള്ള തീവ്രമായ ലൈംഗികാസക്തിയാണ് പാരഫീലിയയുടെ ലക്ഷണം. പാരഫീലിയ ബാധിതകുടെ ലൈംഗികാസക്തി പലപ്പോഴും ഇരയാക്കപ്പെടുന്ന സ്ത്രീകളെ ദോഷകരമായി ബാധിക്കുന്നു.’

പാരഫീലിയയുടെ മറ്റൊരു രൂപമാണ് എക്‌സിബിഷനിസം, ലൈംഗിക ഉത്തേജനത്തിനായി അപരിചിതര്‍ക്ക് ജനനേന്ദ്രിയം തുറന്നുകാട്ടുന്നതാണ് ഇവരുടെ രീതി. പൊതു സ്വയംഭോഗം ഉള്‍പ്പെടെയുള്ള എക്‌സിബിഷനിസം വൈദ്യശാസ്ത്രം ശരിവച്ച രോഗാവസ്ഥയാണെന്ന് ഡോ. റീന പറയുന്നു. പക്ഷേ നിയമപരമായ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ചില വ്യക്തികള്‍ ഈ രോഗത്തെ ഉപയോഗപ്പെടുത്താമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വേണ്ടത് ശക്തമായ നടപടികള്‍

പൊതു സ്വയംഭോഗം, നഗ്നതാ പ്രദര്‍ശനം തുടങ്ങിയ സംഭവങ്ങള്‍ പലപ്പോഴും ശക്തമായ നടപടികള്‍ക്ക് വിധേയമാകുന്നില്ലെന്നത് തെറ്റായ സന്ദേശം നല്‍കുന്നുണ്ടെന്ന് വനിതാ അവകാശ പ്രവര്‍ത്തകയും അധ്യാപികയുമായ അപര്‍ണ ബൈജു പറയുന്നു. ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പെടെ നിസ്സാരവല്‍ക്കരിക്കപ്പെടുന്ന മനോഭാവം വര്‍ധിച്ചുവരുന്നുണ്ട്. അസഭ്യം പറഞ്ഞു എന്നുള്‍പ്പെടെയുള്ള നിസാര വകുപ്പുകളാണ് പലപ്പോളും ഇത്തരം കേസുകളില്‍ ചുമത്താറുള്ളത്. കുറ്റകൃത്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന നിയമം വേണമെന്നും ഇവര്‍ പറയുന്നു. പൊതു സ്വയംഭോഗം ഗുരുതരമായ കുറ്റകൃത്യമല്ല എന്ന മനോഭാവം കുറ്റവാളികള്‍ക്ക് പ്രചോദനമാകുന്നുണ്ട്. ശക്തമായി രംഗത്തെത്തുന്ന ചില സംഭവങ്ങളില്‍ മാത്രമാണ് പ്രതികള്‍ക്ക് എതിരെ അല്‍പമെങ്കിലും നടപടി ഉണ്ടാകാറുള്ളത്. സവാദ് എന്ന വ്യക്തി പ്രതിയായ കേസ് ഇതിന് ഒരു ഉദാഹരണമാണ്. പൊതു സ്വയംഭോഗം യുകെയില്‍ 14 ദിവസത്തെ തടവിനും ഇന്തോനേഷ്യയില്‍ 32 ദിവസത്തെ തടവിനും കാരണമായ കുറ്റകൃത്യമാണ്. ഇത്തരം നിയമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അപര്‍ണ പറയുന്നു.

LATEST NEWS
കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിച്ചു; ജ്യോതി ശര്‍മയ്‌ക്കെതിരെ പെണ്‍കുട്ടികള്‍ വീണ്ടും പരാതി നല്‍കും

കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിച്ചു; ജ്യോതി ശര്‍മയ്‌ക്കെതിരെ പെണ്‍കുട്ടികള്‍ വീണ്ടും പരാതി നല്‍കും

ന്യൂഡല്‍ഹി: ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ രാജറായി...

ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി; മെമു റദ്ദാക്കി, വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി; മെമു റദ്ദാക്കി, വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

കൊച്ചി: ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിനുകള്‍...