കൊച്ചി: അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. എം കെ സാനുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നു രാവിലെ പത്തു മണി വരെ കൊച്ചിയിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.
മലയാള സാഹിത്യ- സാംസ്‌കാരിക ലോകത്തെ നിറസാന്നിധ്യമായിരുന്ന പ്രൊഫ. എം കെ സാനു ഇന്നലെ വൈകീട്ട് 5. 30 നാണ് അന്തരിച്ചത്. 97 വയസ്സായിരുന്നു. കഴിഞ്ഞ മാസം 24 ന് വീട്ടിലെ ശുചുമുറിയില്‍ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ സാനുമാഷ് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25 ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
ശരീരത്തില്‍ ഓക്‌സിജന്‍ തോത് കുറഞ്ഞതോടെ സാനുമാഷിനെ 27 ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ ന്യൂമോണിയയും ബാധിച്ചിരുന്നു.എറണാകുളം മഹാരാജാസ് കോളജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. എഴുത്തുകാരന്‍, ചിന്തകന്‍, വാഗ്മി, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം കെ സാനു, 1987 ല്‍ എറണാകുളം നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചിരുന്നു.