തിരുവനന്തപുരം: പ്രമുഖ ഡോർ നിർമാണ കമ്പനിയിൽനിന്ന് ഒരു കോടിയിലധികം രൂപ തട്ടിയ കേസിൽ മുൻ ജീവനക്കാരൻ അറസ്റ്റിലായി. തിരുവനന്തപുരം വിളവൂർക്കൽ ഇളംപുരയിടത്തിൽ ഷിജോ ജോസഫിനെ (43) ആണ് വാഴക്കാട് എസ്.ഐ കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്.
2008 മുതൽ ജോലി ചെയ്ത, കോഴിക്കോട് ആസ്ഥാനമായ സ്ഥാപനത്തിന്റെ കേരള-തമിഴ്നാട് സെയിൽസ് ഹെഡായി പ്രവർത്തിച്ച് വരുകയായിരുന്ന ഷിജോ ഉപഭോക്താക്കൾ നൽകുന്ന ചെക്കിൽ കൃത്രിമം കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. സഹപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് കണക്കിൽ കൃത്രിമം കാട്ടിയും രേഖകൾ നിർമിച്ചും സ്ഥാപനത്തിന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് കേസ്. ഒരു കോടിയിലധികം രൂപയാണ് ഇത്തരത്തിൽ ഇയാൾ വെട്ടിപ്പ് നടത്തിയത്
വാഴക്കാട് സ്റ്റേഷൻ എസ്.ഐ സുരേഷ് കുമാറിനൊപ്പം കെ. ഹരീഷ് കുമാർ, സി. രാഹുലൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ച് പിടികൂടിയത്. 2008ന് മുമ്പ് തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ഓട്ടോമൊബൈൽ ഡീലറെ സമാന രീതിയിൽ കബളിപ്പിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയതിന് ഷിജോക്കെതിരെ തുമ്പ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ നടപടി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കുകയാണ്. മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി – ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.