കാസര്‍കോട്: മോഷ്ടിച്ച മാലയാണോ എന്നറിയില്ല; കാണാതായ താലിമാല തിരികെ എത്തിച്ചയാളുടെ നല്ല മനസ്സിനെക്കുറിച്ചാണ് പൊയ്‌നാച്ചി പറമ്പ ലക്ഷ്മി നിവാസില്‍ എം ഗീത ചിന്തിച്ചത്. ഇന്നലെ വീടിന്റെ വരാന്തയില്‍ പ്രത്യക്ഷപ്പെട്ട മാലയ്‌ക്കൊപ്പം ഉണ്ടായിരുന്ന കത്ത് ഇങ്ങന.’ഈ മാല എന്റെ കൈകളില്‍ കിട്ടിയിട്ട് ഇന്നേക്ക് ഒന്‍പത് ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുംതോറും എന്തോ ഒരു നെഗറ്റീവ് ഫീല്‍. ഒരുവിറയല്‍. കുറെ ആലോചിച്ചു. എന്തുചെയ്യണം. ഇത് കെട്ടുതാലിയാണെന്ന സന്ദേശം വാട്‌സ് ആപ്പില്‍ കണ്ടു. പിന്നെ തീരുമാനിച്ചു. ആരാന്റെ മുതല്‍ വേണ്ടെന്ന്. എന്നെ പരിചയപ്പെടുത്താന്‍ താല്‍പര്യമില്ല. ഇത്രയും ദിവസം കയ്യില്‍ വച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്’.
ഈ മാസം നാലിന് വൈകീട്ട് പൊയ്‌നാച്ചിയില്‍ നിന്ന് പറമ്പയിലേക്ക് ഭര്‍ത്താവ്, റിട്ട. ററവന്യൂ ഉദ്യോഗസ്ഥനൊപ്പം ബസില്‍ പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് 36ഗ്രാം തൂക്കമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്. മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ പൊതുജന കൂട്ടായ്മ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം ഷെയര്‍ ചെയ്തു.
ഇന്നലെ രാവിലെ പത്തരയ്ക്ക് ഗീതയും ദാമോദരനും പൊയ്‌നാച്ചിയിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് വരാന്തയിലെ ഇരിപ്പിടത്തില്‍ കുറിപ്പും സ്വര്‍ണവും കണ്ടത്. കത്തിന് താഴെ സമീപത്തെ സ്ഥലനാമമായ കുണ്ടം കുഴി എന്നെഴുതിയിട്ടുണ്ട്.


















