എസ്ബിഐ ഇടപാട് നിരക്ക് വര്‍ധിപ്പിച്ചു; വെള്ളിയാഴ്ച പ്രാബല്യത്തില്‍

Aug 13, 2025

ഡല്‍ഹി: റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കുള്ള ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് (IMPS) ഇടപാട് നിരക്ക് ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓഗസ്റ്റ് 15 മുതല്‍ ഇത് ബാധകമാകും. ഓണ്‍ലൈന്‍, ബ്രാഞ്ച് ഇടപാടുകളില്‍ നിരക്കില്‍ വ്യത്യാസം ഉണ്ടാവും. ചില സ്ലാബുകളില്‍ മാത്രമാണ് നിരക്കില്‍ വര്‍ധന ഉണ്ടാവുക.

ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് 25,000 രൂപ വരെയുള്ള ചെറിയ മൂല്യമുള്ള ഐഎംപിഎസ് ഇടപാടുകള്‍ സൗജന്യമായി തുടരും. അതേസമയം, ഓണ്‍ലൈന്‍ വഴി നടത്തുന്ന 25,000 രൂപയ്ക്ക് മുകളിലുള്ള ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക് ഓഗസ്റ്റ് 15 മുതല്‍ നാമമാത്ര നിരക്ക് ഈടാക്കും. ശമ്പള പാക്കേജ് അക്കൗണ്ട് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ IMPS ട്രാന്‍സ്ഫറുകള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന പൂര്‍ണ്ണമായ ഇളവ് തുടര്‍ന്നും ലഭിക്കും.

ഐഎംപിഎസ് എന്താണ്?

24 മണിക്കൂറും ലഭ്യമായ ഒരു നൂതന തത്സമയ പേയ്മെന്റ് സേവനമാണ് ഐഎംപിഎസ്. ഈ സേവനം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നല്‍കുന്നത്. ഐഎംപിഎസിലെ ഓരോ ഇടപാടിനും പരിധിയുണ്ട്. ഇത് 5 ലക്ഷം രൂപയാണ്

എസ്ബിഐയിലെ ഐഎംപിഎസ് ഇടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്ക് ഇങ്ങനെ?

ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകള്‍ക്ക് 25,000 രൂപയ്ക്ക് മുകളിലും 1,00,000 രൂപ വരെയും ഉള്ള തുകകള്‍ക്ക് 2 രൂപ + ജിഎസ്ടി ഈടാക്കും. 1,00,000 രൂപയ്ക്ക് മുകളിലും 2,00,000 രൂപ വരെയും ഉള്ള തുകകള്‍ക്ക് 6 രൂപ + ജിഎസ്ടിയാണ് ചാര്‍ജ്. 2,00,000 രൂപയ്ക്ക് മുകളിലും 5,00,000 രൂപ വരെയും ഉള്ള തുകകള്‍ക്ക് 10 രൂപ + ജിഎസ്ടി ഈടാക്കും. മുമ്പ്, ഈ ഇടപാടുകള്‍ സൗജന്യമായിരുന്നു.

എസ്ബിഐ ശാഖകളില്‍ നടത്തുന്ന ഐഎംപിഎസ് ഇടപാടുകള്‍ക്കുള്ള സേവന നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. ഏറ്റവും കുറഞ്ഞ ബ്രാഞ്ച് ചാര്‍ജ് 2 രൂപ + ജിഎസ്ടി ആണ്. അതേസമയം ഏറ്റവും ഉയര്‍ന്ന ബ്രാഞ്ച് ചാര്‍ജ് 20 രൂപ + ജിഎസ്ടി ആണ്.

ഐഎംപിഎസ് നിരക്കുകള്‍ ബാധകമല്ലാത്ത അക്കൗണ്ടുകള്‍

ശൗര്യ ഫാമിലി പെന്‍ഷന്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ, DSP (പ്രതിരോധ ശമ്പള പാക്കേജ്), PMSP (പാരാ മിലിട്ടറി ശമ്പള പാക്കേജ്), ICGSP (ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ശമ്പള പാക്കേജ്), CGSP (കേന്ദ്ര സര്‍ക്കാര്‍ ശമ്പള പാക്കേജ്), PSP (പൊലീസ് ശമ്പള പാക്കേജ്), RSP (റെയില്‍വേ ശമ്പള പാക്കേജ്) എന്നിവയുടെ എല്ലാ വകഭേദങ്ങളെയും ഓണ്‍ലൈനില്‍ ശമ്പള പാക്കേജ് അക്കൗണ്ടുകള്‍ക്കുള്ള ഐംപിഎസ് ഇടപാട് നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യത്യസ്ത മേഖലകള്‍ക്കും സംഘടനകള്‍ക്കും വേണ്ടി എസ്ബിഐ തയ്യാറാക്കിയ ശമ്പള പാക്കേജുകളാണിവ. ഇതിന് പുറമേ കോര്‍പ്പറേറ്റ് ശമ്പള പാക്കേജ് (CSP), സംസ്ഥാന സര്‍ക്കാര്‍ ശമ്പള പാക്കേജ് (SGSP), സ്റ്റാര്‍ട്ടപ്പ് ശമ്പള പാക്കേജ് (SUSP), ഫാമിലി സേവിംഗ്‌സ് അക്കൗണ്ട്-SBI റിഷ്ടെ എന്നിവയെയും ഓണ്‍ലൈനില്‍ ശമ്പള പാക്കേജ് അക്കൗണ്ടുകള്‍ക്കുള്ള ഐഎംപിഎസ് ഇടപാട് നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാനറ ബാങ്ക് ഐംപിഎസ് ഇടപാട് നിരക്കുകള്‍:

1,000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക്, നിരക്കൊന്നുമില്ല. 1,000 രൂപ മുതല്‍ 10,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 3 രൂപ + ജിഎസ്ടിയും 10,000 രൂപ മുതല്‍ 25,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 5 രൂപ + ജിഎസ്ടിയും 25,000 രൂപ മുതല്‍ 1,00,000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് 8 രൂപ + ജിഎസ്ടിയും ഈടാക്കും. 1,00,000 രൂപ മുതല്‍ 2,00,000 രൂപയില്‍ താഴെയുള്ള തുകകള്‍ക്ക് 15 രൂപ + ജിഎസ്ടിയും 2,00,000 രൂപ മുതല്‍ 5,00,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 20 രൂപ + ജിഎസ്ടിയും ഈടാക്കും.

പഞ്ചാബ് നാഷണല്‍ ബാങ്ക്:

1,000 രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് യാതൊരു നിരക്കും ഈടാക്കില്ല. 1,001 രൂപയ്ക്ക് മുകളിലും 1,00,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ബ്രാഞ്ച് വഴിയാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ 6 രൂപ + ജിഎസ്ടിയും ഓണ്‍ലൈന്‍ വഴിയാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ 5 രൂപ + ജിഎസ്ടിയും ഈടാക്കും. 1,00,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക്, ബാങ്ക് വഴി നടത്തുകയാണെങ്കില്‍ 12 രൂപ + ജിഎസ്ടിയും ഓണ്‍ലൈനായി നടത്തുകയാണെങ്കില്‍ 10 രൂപ + ജിഎസ്ടിയും ഈടാക്കും.

LATEST NEWS
സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ടൗണിൽ ട്രംപിന്റെയും നരേന്ദ്രമോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു

സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ടൗണിൽ ട്രംപിന്റെയും നരേന്ദ്രമോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു

ആറ്റിങ്ങൽ: ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിടുക, കോർപ്പറേറ്റ് കമ്പനികൾ കൃഷി ഉപേക്ഷിക്കുക, ഇറക്കുമതി...

സഹോദരിയുടെ വൃക്കയും അളിയന്റെ കരളും; ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീനാഥിന് പുതുജീവിതം

സഹോദരിയുടെ വൃക്കയും അളിയന്റെ കരളും; ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീനാഥിന് പുതുജീവിതം

കൊച്ചി: ആലുവ സ്വദേശിയായ ശ്രീനാഥിന് ഇത് രണ്ടാം ജന്മമാണ്. ലിവർ സിറോസിസും വൃക്ക രോ​ഗവും മൂലം ഒരേ...