ലഖ്നൗ: ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പോരാട്ടത്തില്‍ ഓസീസ് സ്‌കോറിനരികെ ഇന്ത്യ. ധ്രുവ് ജുറേലിനു പിന്നാലെ മലയാളി താരം ദേവ്ദത്ത് പടിക്കലും കിടിലന്‍ സെഞ്ച്വറിയുമായി കളം വാണു. താരം 150 റണ്‍സെടുത്ത് ടോപ് സ്‌കോററായി.
ഒന്നാം ഇന്നിങ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 532 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഓസീസിനെതിരെ ഇന്ത്യ നാലാം ദിനം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 520 റണ്‍സെന്ന നിലയില്‍. ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇനി 12 റണ്‍സ് കൂടിയാണ് ഇന്ത്യയ്ക്ക് വേണ്ടത്. ചതുര്‍ദിന പോരാട്ടമായതിനാല്‍ ഇന്ന് കളി അവസാനിക്കും. മത്സരം സമനിലയില്‍ പിരിയും.
നാലാം ദിനമായ ഇന്ന് ധ്രുവ് ജുറേലാണ് ആദ്യം പുറത്തായത്. താരം 197 പന്തില്‍ 5 സിക്‌സും 13 ഫോറും സഹിതം 140 റണ്‍സ് കണ്ടെത്തി. പിന്നാലെ 16 റണ്‍സെടുത്ത് തനുഷ് കോടിയനും മടങ്ങി. ദേവ്ദത്ത് 281 പന്തുകള്‍ നേരിട്ട് 14 ഫോറും ഒരു സിക്‌സും സഹിതമാണ് 150 റണ്‍സ് കണ്ടെത്തിയത്.
നേരത്തെ ഓപ്പണര്‍ എന്‍ ജഗദീശന്‍ (64), സായ് സുദര്‍ശന്‍ (73) എന്നിവരും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മറ്റൊരു ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ 44 റണ്‍സും കണ്ടെത്തി.
ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കാര്യമായി തിളങ്ങാനായില്ല. താരം 8 റണ്‍സുമായി മടങ്ങി.
നേരത്തെ സാം കോണ്‍സ്റ്റാസ് (109), ജോഷ് ഫിലിപ്പ് (പുറത്താകാതെ 123) എന്നിവരുടെ സെഞ്ച്വറിയും മൂന്ന് താരങ്ങളുടെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. കാംപല്‍ കെല്ലവെ (88), കൂപര്‍ കോണോലി (70), ലിയാം സ്‌ക്കോട്ട് (81) എന്നിവരാണ് അര്‍ധ സെഞ്ച്വറി നേടിയത്.
ഇന്ത്യക്കായി ഹര്‍ഷ് ദുബെ 3 വിക്കറ്റുകള്‍ വീഴ്ത്തി. ഗുര്‍ണൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റെടുത്തു. ഖലീല്‍ അഹമദ് ഒരു വിക്കറ്റ് സ്വന്തമാക്കി.