അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് ടെസ്റ്റിന് തുടക്കമാകുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
ക്യാപ്റ്റൻ ഗിൽ, യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ എന്നിവർ മികച്ച ഫോമിലാണ്. പരിക്കേറ്റ ഋഷഭ് പന്തിന് പകരം ധ്രുവ് ജുറേലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ. വൈസ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജ നയിക്കുന്ന സ്പിൻ വിഭാഗത്തിൽ അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവർ കരുത്തേകും. ബുംറ നയിക്കുന്ന പേസ് നിരയിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ പ്രധാനികളാണ്.
വിൻഡീസ് നിരയെ റോസ്റ്റൺ ചേസാണ് നയിക്കുന്നത്. ബ്രണ്ടൻ കിങ്, അലിക് അതാൻസി, ഷായ് ഹോപ് എന്നി ബാറ്റർമാരിലാണ് വിൻഡീസ് പ്രതീക്ഷ. ഇടംകൈ സ്പിന്നർ ജോമൽ വാരികാന്റെ പ്രകടനവും നിർണായകമാണ്. പേസർ ഷമാർ ജോസഫ് പരിക്കേറ്റ് പുറത്തായത് വിൻഡീസിന് വലിയ തിരിച്ചടിയാണ്. 2018 ലാണ് വിൻഡീസ് അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് പര്യടനം നടത്തിയത്. സ്വന്തം നാട്ടില്‍ നടക്കുന്ന ആദ്യ പരമ്പര എന്ന നിലയിൽ ഇന്ത്യൻ നായകൻ ഗില്ലിനും ഈ പരമ്പര നിർണായകമാണ്.