കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കവർച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. കൊച്ചി മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥർ പ്രാഥമിക വിവരശേഖരണം തുടങ്ങി. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. ക്രൈംബ്രാഞ്ച് എഫ്ഐആറും ദേവസ്വം വിജിലൻസ് റിപ്പോർട്ടും ഇഡി സംഘം പരിശോധിക്കും. ഇതിനായി എഫ്ഐആർ അടക്കമുള്ള വിശദാംശങ്ങൾ തേടി ഉടൻ ക്രൈംബ്രാഞ്ചിന് കത്തു നൽകും.
എഫ്ഐആർ വിശദാംശങ്ങൾ പരിശോധിച്ചശേഷമാകും എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്യുക. സംഭവത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നത് അടക്കമാണ് പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രണ്ട് എഫ്ഐആറുകളാണ് കേസുമായി ബന്ധപ്പെട്ട് രജിസറ്റർ ചെയ്തിട്ടുള്ളത്. ദേവസ്വം വിജിലൻസിന് ലഭിച്ച മൊഴികളും ഇഡി പരിശോധിക്കും. ക്രൈബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 10 പേരും ഇഡി കേസിൽ പ്രതികളാകും.
സ്വർണപ്പാളി വേർതിരിച്ചുവെന്ന് കരുതപ്പെടുന്ന സ്മാർട്ട് ക്രിയേഷന്റെ ചെന്നൈ ഓഫീസിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പരിശോധന പുരോഗമിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിന് മുമ്പ് നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് ആലോചിക്കുന്നത്. സ്വർണം പൂശി നൽകിയ ഗോവർദ്ധനിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടും. സ്വർണ്ണ കൊള്ളയിൽ ഹൈദരബാദിലും പ്രത്യേക സംഘം അന്വേഷണം നടത്തും. അതിനിടെ സന്നിധാനത്തെ പരിശോധന പൂർത്തിയാക്കിയ ഹൈക്കോടതി കമ്മീഷൻ റിട്ട ജസ്റ്റിസ് കെ ടി ശങ്കരൻ ഇന്ന് ആറന്മുളയിലെത്തും.
ശബരിമലയിലെ സ്വര്‍ണം നഷ്ടമായതില്‍ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ക്രൈംബ്രാഞ്ച് പ്രതിയാക്കിയിട്ടുണ്ട്. സിപിഎം നേതാവ് എ പത്മകുമാര്‍ പ്രസിഡന്റായ ദേവസ്വം ബോര്‍ഡാണ് പ്രതിക്കൂട്ടിലായത്. കെ പി ശങ്കരദാസ്, പാറവിള എന്‍ വിജയകുമാര്‍ എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍. എട്ടാം പ്രതിസ്ഥാനത്താണ് ദേവസ്വം ബോര്‍ഡുള്ളത്. സ്വര്‍ണ കട്ടിളപ്പാളി ചെമ്പെന്ന് വിശേഷിപ്പിച്ച് വീണ്ടും സ്വര്‍ണം പൂശാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ രണ്ടു കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. കട്ടിളപ്പാളി കേസില്‍ പോറ്റിയുടെ കൂട്ടാളി കല്‌പേഷ് ആണ് രണ്ടാം പ്രതി. ആദ്യ കേസിലെ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥര്‍ രണ്ടാമത്തെ കേസിലും പ്രതികളാണ്.