ദുബൈ: യു എ ഇയിലെ അൽ മംസാർ ബീച്ചിൽ ചത്ത പശുവിനെ കണ്ടെത്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശുവിന്റെ ജഡം കെട്ടികിടന്നത് കൊണ്ട് പൊതുജനാരോഗ്യത്തിനോ പരിസ്ഥിതിക്കോ കുഴപ്പമുണ്ടാകില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ചയാണ് സംഭവം നടന്നത്, ദുബൈയിലെ അൽ മംസാർ ബീച്ച് സന്ദർശിക്കാൻ എത്തിയവരാണ് പാറക്കെട്ടുകൾക്കിടയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്. ഉടൻ തന്നെ സഞ്ചാരികൾ അധികൃതരെ വിവരമറിയിച്ചു. ദുബൈ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും അതിവേഗം സ്ഥലത്ത് എത്തുകയും ജഡം അവിടെ നിന്ന് മാറ്റുകയും ചെയ്തു.
സംഭവം വലിയ ചർച്ച വിഷയമായതോടെ ബീച്ച് സന്ദർശിക്കാൻ പലർക്കും ഭയമായി. പ്രത്യേകിച്ചും വെള്ളത്തിൽ ഇറങ്ങിയാൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടാകുമോ എന്ന പേടി ആയിരുന്നു പലർക്കും. എന്നാൽ ആശങ്കപെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ഇതിൽ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രശ്നവുമില്ല.
കപ്പലിൽ പശുക്കളെ കൊണ്ട് പോകുന്നത് സാധാരണയാണ്. അതിൽ നിന്ന് ഒരു പശു കടലിൽ വീണതാകാം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുക ആണെന്നും അധികൃതർ വ്യക്തമാക്കി.