തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് സന്ദേശം എത്തിയത്. തൃശൂര്‍ ജില്ലാ കലക്ടര്‍ക്കാണ് ഇമെയില്‍ വഴി ഇത്തരമൊരു സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഇക്കാര്യം ഇടുക്കി ജില്ലാ കലക്ടറെ അറിയിക്കുകയായിരുന്നു.
മുല്ലപ്പെരിയാര്‍ ഡാം ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. എങ്കിലും പ്രദേശത്ത് പരിശോധന തുടരുകയാണ്. ഇതൊരു വ്യാജസന്ദേശമാകാമെന്ന വിലയിരത്തിലിലാണ് അധികൃതര്‍. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഇക്കാര്യം ഇടുക്കി ജില്ലാ ഭരണകൂടം സംസ്ഥാന പൊലീസ് മേധാവിയെയും വനംവകുപ്പ് മേധാവിയെയും തമിഴ്‌നാട് ഡിജിപിയെയും തേനി ജില്ലാ കലക്ടറയും അറിയിച്ചു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്ന ദിവസം തന്നെയാണ് ബോംബുവച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.