പാലക്കാട്: കല്ലടിക്കോട് അയല്‍വാസികളായ രണ്ടു യുവാക്കള്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതംകാട് സ്വദേശികളായ ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ച് മരിച്ചാതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മരുതംകോട് സര്‍ക്കാര്‍ സ്‌കൂളീന് സമീപത്തെ റോഡിലാണ് ചോരയില്‍ കുളിച്ച നിലയില്‍ ബിനുവിന്റെ മൃതദേഹം കണ്ടത്തെിയത്. സമീപത്തുനിന്ന് ചോരപടര്‍ന്ന നാടന്‍ തോക്കും കണ്ടെത്തി. സുഹൃത്തായ നിതിനെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം കല്ലടിക്കോട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.
വന്യമൃഗശല്യമുള്ള പ്രദേശമായതിനാല്‍ ആളുകള്‍ ഇവിടെ പൊതുവെ കുറവാണ്. നിതിന് 26 വയസ്സാണ് പ്രായം. നിതിന്റെ അമ്മ ഹോട്ടല്‍ തൊഴിലാളിയാണ്. ബിനു ടാപ്പിങ് തൊഴിലാളിയാണ്. ഇരുവരും തമ്മില്‍ ചില ലഹരി ഇടപാടുകളെ ചൊല്ലിയുണ്ടായ തര്‍ക്കമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.