51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

Nov 3, 2025

മുംബൈ: ഐസിസി ഏകദിന ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികങ്ങള്‍. ചാംപ്യന്‍മാരായ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് അവാര്‍ഡ് തുക പ്രഖ്യാപിച്ചത്.

ലോക കിരീടത്തോടൊപ്പം ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിന് 39.78 കോടിയുടെ (4.48 മില്യണ്‍ യുഎസ് ഡോളര്‍) പ്രൈസ് മണിയും ഐസിസി സമ്മാനിച്ചിരുന്നു. കായിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രൈസ് മണിയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ പുരുഷ ലോകകപ്പിലെ വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് നല്‍കിയത്.

വിജയികളായ ഇന്ത്യന്‍ ടീമിന് ആകെ 123 കോടി രൂപയാണ് പാരിതോഷികമായി ലഭിക്കുക. 2022-ലെ ടൂര്‍ണമെന്റിന് നല്‍കിയ സമ്മാനത്തുകയേക്കാള്‍ 297 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക തുല്യമായി നല്‍കാന്‍ ഐസിസി തീരുമാനിച്ചതോടെയാണ് വന്‍ വര്‍ധനയുണ്ടായത്.

ഫൈനലിൽ പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. സെമി ഫൈനലില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതവും ലഭിക്കും. 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് വിജയത്തിന് അടുത്തെത്തി 9 റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

LATEST NEWS
പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ ഇനിയും അവസരം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ ഇനിയും അവസരം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ നവംബർ 4, 5...