തിരുവനന്തപുരം: സപ്ലൈകോ വില്‍പന ശാലകളില്‍ കാര്‍ഡൊന്നിന് പ്രതിമാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. നിലവില്‍ കാര്‍ഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് നല്‍കുന്നത്. സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര വെളിച്ചെണ്ണ 429 രൂപക്കും ലഭ്യമാക്കും.
ഓണത്തോട് അനുബന്ധിച്ച് 25 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് പ്രതിമാസം 20 കിലോ പച്ചരി/പുഴുക്കലരി നല്‍കിയിരുന്നത് സ്ഥിരമായി നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഇതര ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് നല്‍കും.
1,000 രൂപക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന എല്ലാവര്‍ക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപക്ക് ഈ മാസം മുതല്‍ നല്‍കുന്നുണ്ട്. 500 രൂപക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില 25 ശതമാനം വിലക്കുറവില്‍ നല്‍കും. 500 രൂപക്ക് മുകളിലുള്ള ബില്ലുകളില്‍ സപ്ലൈകോ വില്‍പനശാലകളില്‍ യുപിഐ മുഖേന പണം അടച്ചാല്‍ അഞ്ചു രൂപ കുറവ് നല്‍കും. ഈ വര്‍ഷവും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെ ആയിരിക്കും ഫെയറുകള്‍. താലൂക്ക് തലത്തില്‍ തെരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകള്‍ ക്രിസ്മസ് ഫെയറുകളായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

















