ഡീയസ് ഈറെ’ 50 കോടി ക്ലബ്ബിൽ

Nov 6, 2025

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ എന്ന ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്ര​ദർശനം തുടരുകയാണ്. ഇതിനോടകം ചിത്രം 50 കോടി കളക്ഷനാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. റിലീസ് ചെയ്ത് ഏഴാം ദിവസമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ പ്രണവിന്റെ കരിയറിലെ മൂന്നാമത്തെ 50 കോടി പടമായി മാറി ഡീയസ് ഈറെ.

ഇതിന് മുൻപ് പ്രണവ് നായകനായെത്തിയ ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങളും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. എന്നാൽ പ്രണവിന് മുൻപ് ഹാട്രിക് 50 കോടി സ്വന്തമാക്കിയ ഒരാൾ കൂടിയുണ്ട്, സാക്ഷാൽ മോഹൻലാൽ തന്നെ. ഈ വർഷമിറങ്ങിയ മൂന്ന് സിനിമകളും 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയാണ് മോഹൻലാൽ ചരിത്രമെഴുതിയത്.

അതിൽ ഒരു ഇൻഡസ്ട്രിയൽ ഹിറ്റും ഉൾപ്പെടുന്നുണ്ട്. 260 കോടിയോളം നേടി എംപുരാൻ റെക്കോർഡ് ഇട്ടപ്പോൾ തുടരും കേരളത്തിൽ നിന്ന് മാത്രമായി 100 കോടി നേടി ഇൻഡസ്ട്രിയിൽ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. ഈ രണ്ട് സിനിമകളുടെയും വിജയം ഹൃദയപൂർവത്തിലൂടെയും മോഹൻലാൽ ആവർത്തിച്ചു. വെറുമൊരു ഫാമിലി സിനിമയിലൂടെ മാത്രം 75 കോടിയാണ് മോഹൻലാൽ സ്വന്തമാക്കിയത്. ഇപ്പോഴിതാ അച്ഛന് പിന്നാലെ മകനും കൂടി ഈ വിജയം സ്വന്തമാക്കിയതോടെ ആരാധകരും ആവേശത്തിമർപ്പിലാണ്. വർഷത്തിൽ ഒരു സിനിമ മാത്രം കമ്മിറ്റ് ചെയ്യുന്ന പ്രണവ് ഓരോ തവണയും സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, ഡീയസ് ഈറേ ആദ്യ ദിനം 5 കോടിക്ക് അടുത്ത് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.

സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 4.50 കോടി കളക്ഷൻ സിനിമ ഇന്ത്യയിൽ നിന്ന് നേടിയിട്ടുണ്ട്. പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്. ഭ്രമയു​ഗം എന്ന സൂപ്പർ ഹിറ്റിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറെ.

LATEST NEWS