‘എന്റെ മരണകാരണം പുറംലോകത്തെ അറിയിക്കണം’; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി

Nov 6, 2025

തിരുവന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. 48 വയസ്സുകാരനായ കൊല്ലം പന്മന സ്വദേശി വേണുവാണ് മരിച്ചത്. താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു. ആന്‍ജിയോഗ്രാമിന് ആശുപത്രിയില്‍ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് വേണു മരിച്ചത്. മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കി സുഹൃത്തിന് ഓട്ടോ ഡ്രൈവറായ വേണു ശബ്ദസന്ദേശം അയച്ചിരുന്നു. ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ലെന്ന് വേണു പറയുന്നു. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര്‍ തിരിഞ്ഞുനോക്കില്ല. എന്ത ചോദിച്ചാലും മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിതെന്നും വേണുപറയുന്നു.

‘വെള്ളിയാഴ്ച രാത്രി ഞാന്‍ ഇവിടെ വന്നതാണ്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്‍ജന്‍സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാന്‍. ഇവര്‍ എന്റെ പേരില്‍ കാണിക്കുന്ന ഈ ഉദാസീനതയും കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോള്‍ നടക്കുമെന്ന് റൗണ്ട്സിന് പരിശോധിക്കാന്‍ വന്ന ഡോക്ടറോട് പലതവണ ചോദിച്ചു. അവര്‍ക്ക് അതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. രണ്ടുപേര് ഇവിടെ നില്‍ക്കണമെങ്കില്‍ പ്രതിദിനം എത്ര രൂപ ചിലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയും ആശ്രയവും ആയിരിക്കേണ്ട ഈ സര്‍ക്കാര്‍ ആതുരാലയം വെറും വിഴുപ്പ് കെട്ടുകളുടെ, അല്ലെങ്കില്‍ ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരക ഭൂമി എന്നുതന്നെ വേണം തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ കുറിച്ച് പറയാന്‍. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാല്‍ പുറം ലോകത്തെ അറിയിക്കണം’ വേണു പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആന്‍ജിയോഗ്രാം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് അടിയന്തരമായി ആന്‍ജിയോഗ്രാം തുടര്‍ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ ആറു ദിവസം കഴിഞ്ഞിട്ടും ഈ ആന്‍ജിയോഗ്രാം ചെയ്യാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡേറ്റ് നല്‍കിയില്ല എന്നാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയുക എന്നുള്ള നിര്‍ദ്ദേശം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു.

അതേസമയം, സംഭവത്തില്‍ ഒരുതരത്തിലും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോഴെക്കും ആന്‍ജിയോ പ്ലാസ്റ്റി ചെയ്യേണ്ട സമയം കഴിഞ്ഞിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ രോഗിക്ക് ഹാര്‍ട്ട് ഫെയിലര്‍ ഉണ്ടായതോടെ സ്ഥിതി പെട്ടന്ന് വഷളായതോടെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിനായില്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.

LATEST NEWS