വർക്കല ട്രെയിൻ അതിക്രമം; അക്രമിയെ കീഴ്പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുകാരൻ ആര്?, സാക്ഷിയുടെ ചിത്രം പുറത്ത്

Nov 6, 2025

തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് റെയിൽവേ പൊലീസ്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് റെയിൽവേ പൊലീസ്. ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിച്ചതും ഇയാളാണ്. അക്രമിയെ ട്രെയിനിൽ വെച്ച് കീഴടക്കിയ ഇയാള്‍ കേസിലെ സുപ്രധാന സാക്ഷിയാണ്. സാക്ഷിയെ തേടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ഇയാളുടെ ചിത്രം പുറത്തുവിട്ടത്. മാതൃകാപരമായ ഇടപെടൽ നടത്തിയ ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നൽകാനും ആലോചനയുണ്ട്.

പെണ്‍കുട്ടിയെ തള്ളിയിട്ടതിന് പിന്നാലെ കൂടെയുണ്ടായിരുന്ന സുഹൃത്തായ പെണ്‍കുട്ടിയെയും തള്ളിയിടാൻ അക്രമി ശ്രമിച്ചിരുന്നു. ഇതിനിടയിൽ ചുവന്ന ഷര്‍ട്ടു ധരിച്ചയാളാണ് ഈ പെണ്‍കുട്ടിയെ ട്രെയിനിൽ നിന്ന് വീഴാതെ രക്ഷിച്ചത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിൽ അറിയിക്കാനാണ് നിര്‍ദേശം.

കഴിഞ്ഞദിവസം ട്രെയിനിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നാണ് അടിയന്തര ഇടപെടൽ നടത്തിയ വ്യക്തിയെ കണ്ടെത്തിയത്. പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുന്നതും സിസിടിവിയിൽ വ്യക്തമാണ്. അതേസമയം പൊലീസിന്റെ തെളിവ് ശേഖരണവും തുടരുകയാണ്. പ്രതിയെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വച്ച് തെളിവ് ശേഖരണം നടത്തും. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം ആയിരിക്കും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. തലക്ക് ഏറ്റ ക്ഷതമാണ് ആരോഗ്യസ്ഥിതി മോശമാക്കുന്നത്.

LATEST NEWS