ബംഗളൂരു: കന്നഡ നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഏറെ നാളുകളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ‘ഓം’, ‘കെജിഎഫ്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ നടൻ ബംഗളൂരുവിലെ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലായിരുന്നു. തൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ചികിത്സയുടെ ഭാഗമായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ ഹരീഷ് റായ് തുറന്നു പറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്മാരായ യഷ്, ധ്രുവ് സർജ എന്നിവരുൾപ്പെടെ കന്നഡ സിനിമയിൽ നിന്നുള്ള നിരവധിപ്പേർ ഹരീഷിന് ചികിത്സ സഹായമെത്തിച്ചിരുന്നു. ഓം, സമര, ബാംഗ്ലൂർ അണ്ടർവേൾഡ്, ജോഡിഹക്കി, രാജ് ബഹദൂർ, സഞ്ജു വെഡ്സ് ഗീത, സ്വയംവര, നല്ല, കെജിഎഫ് പാർട്ട് 1, 2 തുടങ്ങി നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിൽ ഹരീഷ് റായ് അഭിനയിച്ചിട്ടുണ്ട്.
ഹരീഷിന്റെ മരണം കന്നഡ സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. ഒറ്റ കുത്തിവെപ്പിന് 3.55 ലക്ഷം രൂപ വില വരുമെന്നും, 63 ദിവസം നീണ്ടുനിൽക്കുന്ന ഒരു സൈക്കിളിൽ മൂന്ന് കുത്തിവെപ്പുകൾ ആവശ്യമാണെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഇതനുസരിച്ച് ഒരു സൈക്കിളിന് 10.5 ലക്ഷം രൂപ ചിലവാകും. സമാനമായ അവസ്ഥയിലുള്ള രോഗികൾക്ക് 20 കുത്തിവെപ്പുകൾ വരെ വേണ്ടിവരുമെന്നും, അങ്ങനെയെങ്കിൽ ചികിത്സാച്ചെലവ് ഏകദേശം 70 ലക്ഷം രൂപയോളം ആകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നടൻ യഷുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നടനായിരുന്നു ഹരീഷ് റായ്. “യഷ് എന്നെ മുൻപ് സഹായിച്ചിട്ടുണ്ട്.
എല്ലായിപ്പോഴും എനിക്ക് അദ്ദേഹത്തോട് ചോദിക്കാൻ കഴിയില്ല. ഒരാൾക്ക് എത്ര മാത്രം ചെയ്യാൻ കഴിയും? വിവരമറിഞ്ഞാൽ അദ്ദേഹം തീർച്ചയായും എൻ്റെ കൂടെ നിൽക്കുമെന്ന് എനിക്കറിയാം. തൻ്റെ പുതിയ ചിത്രമായ ‘ടോക്സിക്കി’ന്റെ തിരക്കിലാണെങ്കിലും അദ്ദേഹം ഒരു ഫോൺ കോൾ അകലെയാണ്,” യഷിനെക്കുറിച്ച് ഹരീഷ് മുൻപ് പറഞ്ഞതിങ്ങനെ. ഉപേന്ദ്ര സംവിധാനം ചെയ്ത് ശിവരാജ്കുമാർ നായകനായ ഓം എന്ന ചിത്രം റിലീസായതിന് പിന്നാലെയാണ് ഹരീഷ് പ്രശസ്തിയിലേക്കുയർന്നത്. സിംഹരൂപിണി എന്ന ചിത്രത്തിലാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്.
![]()
![]()

















