ബംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ അജ്ഞാത സംഘം ബംഗളൂരുവിലെ ഐടി ജീവനക്കാരിയിൽ നിന്നു കൈക്കലാക്കിയത് 32 കോടി രൂപ! കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഇവരിൽ നിന്നു തട്ടിപ്പ് സംഘം പണം അപഹരിച്ചത്. ലഹരിമരുന്ന് അടങ്ങിയ പാഴ്സൽ ലഭിച്ചെന്ന പേരിൽ ഒരു വർഷം മുൻപ് വന്ന ഫോൺ കോളിലൂടെയാണ് തട്ടിപ്പിന് തുടക്കമിട്ടത്. പിന്നീട് മാസങ്ങളോളം നീണ്ട നീക്കങ്ങളിലൂടെ റിസർവ് ബാങ്കിന്റെ നടപടിയെന്നു ബോധ്യപ്പെടുത്തിയാണ് പണം തട്ടിയത്.
ബംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്ന 57കാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ തിരിച്ചറിയിൽ രേഖ ഉപയോഗിച്ചു ലഹരിക്കടത്ത് നടത്തിയെന്നാണ് സിബിഐ ഉദ്യോഗസ്ഥർ എന്നു പരിചയപ്പെടുത്തിയ സൈബർ തട്ടിപ്പ് സംഘം പറഞ്ഞത്. മകന്റെ വിവാഹം അടുത്തു വന്നതിനാൽ അനാവശ്യം കേസും മറ്റു പൊല്ലാപ്പുകളും വേണ്ടെന്നു കരുതിയാണ് താൻ സംഘത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പണം നൽകിയത് എന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.
സ്വത്ത് വിവരങ്ങൾ ആർബിഐയ്ക്ക് മുന്നിൽ വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ടാണ് ഈയടുത്ത് പണം വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. കുറച്ചു ദിവസത്തേക്ക് ഡിജിറ്റൽ അറസ്റ്റിലായിരിക്കുമെന്നും സംഘം 57കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചു. പരിശോധനകൾ കഴിഞ്ഞാൽ മുഴുവൻ തുകയും തിരികെ നൽകുമെന്നും പറഞ്ഞു. 187 ബാങ്ക് ഇടപാടുകളിലൂടെ 31.83 കോടി രൂപയാണ് ഇത്തരത്തിൽ ജീവനക്കാരി കൈമാറിയത്.
ബാങ്കിൽ നിക്ഷേപിച്ച മുഴുവൻ സമ്പാദ്യവും പരിശോധനയ്ക്കാണെന്നു വിശ്വസിച്ചു ഇവർ കൈമാറുകയായിരുന്നു. പിന്നീട് പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ജീവനക്കാരി സൈബർ പൊലീസിൽ പരാതി നൽകിയത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ രാജ്യത്തു തന്നെ ഒരു വ്യക്തിക്ക് ഇത്രയും വലിയ തുക നഷ്ടമാകുന്നത് ഇതാദ്യമാണ്.
![]()
![]()

















