ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഡല്‍ഹി ഭീകരന്റെ വീഡിയോ

Nov 18, 2025

ഡല്‍ഹി: ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ ഉന്‍ നബിയുടെ വീഡിയോ സന്ദേശം പുറത്ത്. ചാവേര്‍ ആക്രമണത്തെ ഉമര്‍ നബി വീഡിയോയില്‍ ന്യായീകരിക്കുന്നുണ്ട്. ടെലിഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടറായ ഉമർ ഉൻ നബിയാണ് ചെങ്കോട്ടയിൽ കാർ ബോംബ് സ്ഫോടനത്തിൽ ചാവേറായതെന്ന് സ്ഥിരീകരിച്ചിരുന്നു.

ചാവേര്‍ ബോംബാക്രമണം വളരെ തെറ്റിദ്ധരിക്കപ്പെട്ട ആശയമാണ്. എന്നാല്‍ ചാവേര്‍ ബോംബിങ്ങ് എന്നത് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിലെ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ നബി വീഡിയോയില്‍ പറയുന്നു. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്തും സമയത്തും മരിക്കുമെന്ന് നിശ്ചയിക്കുന്ന ഒന്നാണ് ‘രക്തസാക്ഷിത്വ’ ഓപ്പറേഷന്‍ എന്നും ഉമര്‍ നബി വീഡിയോയില്‍ വ്യക്തമാക്കുന്നു.

ഇസ്ലാമില്‍ ആത്മഹത്യ നിഷിദ്ധമാണ്. എന്നാല്‍ ചാവേര്‍ ബോംബാക്രമണം ‘രക്തസാക്ഷിത്വം’ വരിക്കലാണ്. മരണത്തെ ഭയപ്പെടരുത് എന്നും ഉമര്‍ നബി പറയുന്നു. ആര്‍ക്കും എപ്പോള്‍ അല്ലെങ്കില്‍ എവിടെ മരിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല. അത് വിധി അനുസരിച്ച് സംഭവിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ രക്തസാക്ഷിത്വം വരിക്കല്‍ സാധാരണ മരണത്തില്‍ നിന്നും വേറിട്ടുള്ള പ്രവൃത്തിയാണെന്നും ഉമര്‍ നബി കൂട്ടിച്ചേര്‍ക്കുന്നു.

നല്ല ഇംഗ്ലീഷ് ഉച്ചാരണത്തില്‍ സംസാരിക്കുന്ന വീഡിയോയില്‍ നിന്നും, ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഉമര്‍ നബി ചാവേര്‍ ബോംബാക്രമണം, ‘രക്തസാക്ഷിത്വം’ തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തില്‍ ചിന്തിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഡല്‍ഹി കാര്‍ സ്‌ഫോടനം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതാണെന്നും സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന നിഗമനങ്ങളെ നിരാകരിക്കുന്നുവെന്നും വീഡിയോ സന്ദേശം വ്യക്തമാക്കുന്നു. വീഡിയോ ആര്‍ക്കൊക്കെ അയച്ചു, അതിന്റെ കാലപ്പഴക്കം തുടങ്ങിയവയെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയ ഫരീദാബാദിലെ വൈറ്റ് കോളര്‍ മൊഡ്യൂളിലെ പ്രധാനിയാണ് ഡോക്ടര്‍ ഉമര്‍ നബിയെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഭീകരസംഘടനയിലേക്ക് ആളുകളെ ആകര്‍ഷിക്കാനും ബ്രെയിന്‍വാഷ് ചെയ്യാനും എടുത്ത വീഡിയോ ആണിതെന്നാണ് അന്വേഷണ ഏജന്‍സികളുടെ അനുമാനം. ഡല്‍ഹി സ്‌ഫോടനത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.

LATEST NEWS
ശബരിമലയില്‍ അനിയന്ത്രിത തിരക്ക്, അപായകരമായ ആള്‍ക്കൂട്ടമെന്ന് കെ ജയകുമാര്‍; തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി

ശബരിമലയില്‍ അനിയന്ത്രിത തിരക്ക്, അപായകരമായ ആള്‍ക്കൂട്ടമെന്ന് കെ ജയകുമാര്‍; തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി

ശബരിമല: മണ്ഡലകാല സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ മുന്‍പ് എങ്ങുമില്ലാത്ത തിരക്കാണ് ശബരിമലയില്‍...