ശബരിമലയില്‍ അനിയന്ത്രിത തിരക്ക്, അപായകരമായ ആള്‍ക്കൂട്ടമെന്ന് കെ ജയകുമാര്‍; തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി

Nov 18, 2025

ശബരിമല: മണ്ഡലകാല സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ മുന്‍പ് എങ്ങുമില്ലാത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍. ഇപ്പോഴുള്ളത് അപായകരമായ ജനക്കൂട്ടമാണ്. ഇവരെല്ലാം ക്യൂനില്‍ക്കാതെ എത്തിയവരാണെന്നും ഇത്തരത്തിലുള്ള ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

അതേസമയം, ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് 2വരെ ദർശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്.

ഇപ്പോള്‍ പതിനഞ്ച് മണിക്കൂര്‍ വരെയാണ് ഭക്തര്‍ ക്യൂനില്‍ക്കുന്നതെന്ന് ജയകുമാര്‍ പറഞ്ഞു. അത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഭക്തരെ ക്യൂ കോംപ്ലക്‌സില്‍ ഇരുത്താന്‍ നടപടിയെടുക്കും. അത് നാളെ മുതല്‍ നിലവില്‍ വരും. ക്യൂ കോംപ്ലക്‌സില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കും. പമ്പയ്ക്ക് പുറമെ നിലയ്ക്കലിലും സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും.7 സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളാണ് നാളെ മുതല്‍ നിലയ്ക്കലില്‍ ആരംഭിക്കുകയെന്നു ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പമ്പയില്‍ വന്നു കഴിഞ്ഞാല്‍ ഭക്തര്‍ക്ക് സുഗമമായി മലകയറി ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. അതുകൊണ്ട് ഭക്തരെ നിലയ്ക്കില്‍ നിര്‍ത്താന്‍ കഴിയണം. അവിടെ സാധ്യമായ ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ട്. സ്‌പോട്ട് ബുക്കിങിനായി ഏഴെണ്ണം കൂടി നിലയ്ക്കലില്‍ സ്ഥാപിക്കും. ശബരിമല മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

ജീവനക്കാരുടെ മെസ് തയ്യാറായിട്ടില്ല. അവർക്ക് അന്നദാന മണ്ഡപത്തിൽ അന്നദാനം കൊടുക്കും. 21ന് മാത്രമേ ജീവനക്കാർക്ക് മെസ് തയ്യാറാവുകയുള്ളൂ. കുടിവെള്ളം കിട്ടുന്നില്ലെന്ന പ്രശ്നമുണ്ട്. അത് വിതരണം ചെയ്യാൻ 200 പേരെ അധികമായി എടുത്തു. ആളുകൾക്ക് ഇടയിലേക്ക് വെള്ളവുമായി പോകണം. നാലുമണിക്കൂറായി നിൽക്കുന്നവന് വെള്ളം കൊടുക്കണം.ശുചിമുറികൾ വൃത്തിയാക്കാൻ തമിഴ്നാട്ടിൽ നിന്ന് 200 പേരെ എത്തിക്കുമെന്നും ജയകുമാർ പറഞ്ഞു.

ഓൺലൈൻ ബുക്കിങ് ആദ്യദിവസം തന്നെ തീർന്നു. സ്പോട്ട് ബുക്കിങ് കൊടുക്കാതെ പറ്റില്ല. ബുക്കിങ് ഇല്ലെങ്കിൽ നിയന്ത്രണം വയ്ക്കാൻ പറ്റില്ല. നിയന്ത്രണം വയ്ക്കാൻ പറ്റുമോയെന്ന് നോക്കട്ടെ. ഒരു മിനിറ്റിൽ 80–90 പേർ പതിനെട്ടാം പടി കയറിയില്ലെങ്കിൽ ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല. കേന്ദ്രസേന ഇന്ന് വരുമെന്നാണ് അറിവ്. അവരെ ബന്ധപ്പെടും. പമ്പ മലിനമാണെന്ന് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ആയെന്ന് മനസിലാകുന്നില്ല. വൃത്തിയാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും ജയകുമാർ പറഞ്ഞു.

തിരക്ക് കാരണം സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ വന്ന തമിഴ്നാട്, കർണാടക സ്വദേശികളായ തീർഥാടകർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് മടങ്ങുന്നത്. പല സംഘങ്ങളായി എത്തിയ നൂറോളം പേരാണ് ഇങ്ങനെ മടങ്ങിയത്. മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ദർശനത്തിനായി എത്തിയത് 1,96,594 പേരെന്നാണ് കണക്ക്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് ഉൾപ്പെടെയാണിത്. നവംബർ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും നവംബർ 17 ന് 98,915 പേരും നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് അയ്യനെ കണ്ടു മടങ്ങിയത്.

LATEST NEWS