തന്നെ കാണാനെത്തുന്ന ആരാധകരെ ചേർത്തു പിടിച്ച് വളരെ സ്നേഹത്തോടെ പെരുമാറുന്ന മോഹൻലാലിനെ പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനെ തലമുറകളുടെ നായകനാക്കി നിർത്തുന്നതും ഈ ചേർത്തുനിർത്തലാണെന്നാണ് ആരാധക പക്ഷം. തുടരും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ‘ഇതാണോ മോഹൻലാൽ?’ എന്ന ചോദ്യവുമായി ലൊക്കേഷനിലേക്ക് എത്തിയ ഏലിക്കുട്ടി വല്യമ്മയും മോഹൻലാലും തമ്മിലുള്ള സംഭാഷണവും അടുത്തകാലത്ത് ഏറെ വൈറലായിരുന്നു.
ആത്മാർഥമായ സ്നേഹം പ്രകടിപ്പിക്കുന്ന സാധാരണക്കാരോട് മോഹൻലാൽ കാണിക്കുന്ന കരുതലിന്റെ മറ്റൊരു ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ദൃശ്യം 3 യുടെ ലൊക്കേഷനിൽ മോഹൻലാലിനെ കാണാനെത്തിയതായിരുന്നു എൺപതുകാരിയായ ഐമുറി മാടവന വീട്ടിൽ ലീലാമണിയമ്മ.
പെരുമ്പാവൂര് ഷൂട്ടിങ് നടക്കുന്നതറിഞ്ഞ് ലീലാമണിയമ്മ പേരക്കുട്ടി ശ്യാംകൃഷ്ണയ്ക്കൊപ്പം ആണ് ദൃശ്യം 3 യുടെ ലൊക്കേഷനിലെത്തിയത്. വലിയ തിരക്കായിരുന്നു. അൾത്താരയ്ക്കുള്ളിൽ ഷൂട്ടിങ് നടക്കുന്ന ഭാഗത്തേക്ക് ആരെയും കടത്തിവിടുന്നുണ്ടായിരുന്നില്ല. മറ്റുള്ളവരൊക്കെ ദൂരെ നിന്ന് ലാലിനെ കണ്ട് മടങ്ങി. ലീലാമണിയമ്മ കാത്തിരുന്നു. ലാലിനെ കണ്ടിട്ടേ പോകൂ എന്ന് സിനിമാ പ്രവർത്തകരോട് പറഞ്ഞു. ഒടുവിൽ വൈകിട്ട് അഞ്ചു മണിയോടെ ‘ആരാധിക’ കാത്തിരിക്കുന്നതറിഞ്ഞ് മോഹൻലാൽ, ലീലാമണിയമ്മയുടെ അരികിലെത്തി. വീട്ടിലെ വിശേഷങ്ങളെല്ലാം ചോദിച്ചറിയുന്നതിനിടെ ‘തൊട്ടോട്ടേ’ എന്ന് ആരാധിക ചോദിച്ചപ്പോൾ അദ്ദേഹം ചേർത്തുപിടിച്ചു.
ലാലിനെക്കുറിച്ചെഴുതിയ ഒരു പാട്ട് പാടിക്കേൾപ്പിക്കണം എന്നുണ്ടായിരുന്നെങ്കിലും സമയക്കുറവുമൂലം സാധിച്ചില്ലെന്ന് ലീലാമണിയമ്മ പറഞ്ഞു. കടുത്ത മോഹൻലാൽ ആരാധികയായ ലീലാമണിയമ്മ ടിവിയിൽ വരുന്ന അദ്ദേഹത്തിന്റെ സിനിമകളെല്ലാം ആവർത്തിച്ചു കാണും.
ആറാം തമ്പുരാനാണ് ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ സിനിമയെന്നും ലീലാമണിയമ്മ പറയുന്നു. അതേസമയം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിന്റെ ദൃശ്യം 3 ചിത്രീകരണം തൊടുപുഴയിലും കൊച്ചിയിലുമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് മുൻപ് പറഞ്ഞിരുന്നു.
![]()
![]()

















