കോടതിയില്‍ പുതിയ അപേക്ഷ, രാഹുലിന്റെ ഒളിയിടം പൊലീസ് കണ്ടെത്തി?

Dec 2, 2025

പാലക്കാട്: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കാനിരിക്കേ, സെഷന്‍സ് കോടതിയില്‍ പുതിയ അപേക്ഷ നല്‍കി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ അപേക്ഷയില്‍ ആവശ്യപ്പെടുന്നത്.

കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന വ്യാപകമായി കേരള പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. രാഹുല്‍ നിലവില്‍ പൊള്ളാച്ചിയില്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പുതിയ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം പൊള്ളാച്ചിയിലേക്ക് തിരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് അവകാശപ്പെട്ട് ചില തെളിവുകള്‍ മുദ്രവച്ച കവറില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കേ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതിയ നീക്കം നടത്തിയിരിക്കുകയാണ്.

സാധാരണയായി അതിജീവിതമാരാണ് ഇത്തരത്തില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിക്കാറ്. ഇവിടെ പ്രതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കോടതി ഈ വിഷയത്തില്‍ എന്തുനിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നതും നിര്‍ണായകമാണ്. തന്റെ സ്വകാര്യത കൂടി മാനിച്ച് കൊണ്ട് അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അപേക്ഷയില്‍ പറയുന്നത്.

LATEST NEWS