പാലക്കാട്: ബലാത്സംഗ കേസിലെ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതിയും രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതായും ജീവഭയം കാരണമാണ് ഇക്കാര്യം പൊലീസില്‍ പറയാതിരുന്നതെന്നും 23കാരിയുടെ പരാതിയില്‍ പറയുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുവതി പരാതി നല്‍കി.
സാമൂഹിക മാധ്യമത്തിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടത്. കുടുംബത്തിന്റെ അനുമതിയോടെ വിവാഹത്തിന് തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തുടര്‍ന്ന് സംസ്ഥാനത്തിന് വെളിയിലുള്ള തന്നെ കേരളത്തിലേക്ക് വിളിച്ചുവരുത്തി. നേരിട്ട് പരിചയപ്പെടാന്‍ എന്ന് പറഞ്ഞ് ഹോം സ്‌റ്റേയില്‍ എത്തിച്ചു. തുടര്‍ന്ന് ഹോം സ്‌റ്റേയില്‍ വച്ചായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു.
പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റ സുഹൃത്തായ ഫെനി നൈനാന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്നാണ് തന്നെ ഹോം സ്‌റ്റേയിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. മരുന്ന് നല്‍കിയ ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പീഡിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു.
ഇതിന് ശേഷം താന്‍ ആരെയും വിവാഹം കഴിക്കില്ലെന്നും സൗഹൃദം നിലനിര്‍ത്തി പോകാനാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മാനസികമായി തകര്‍ന്ന തന്നോട് ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. പീഡനത്തെ തുടര്‍ന്ന് തനിക്ക് നിരവധി മുറിവുകള്‍ ഉണ്ടായി. സ്ത്രീവിരുദ്ധന്‍ ആയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇനി ജനങ്ങളുമായി ഇടപെടാന്‍ അനുവദിക്കരുതെന്ന് അഭ്യര്‍ഥിച്ച് കൊണ്ടാണ് പരാതി അവസാനിക്കുന്നത്. തന്റെ ദുരനുഭവം സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ട്. തന്റെ പരാതിയില്‍ സംശയം ഉണ്ടെങ്കില്‍ ക്രൈംബ്രാഞ്ചുമായി ബന്ധപ്പെടാവുന്നതാണെന്നും യുവതി പറയുന്നു.

















