സിനിമാ ലോകത്തെ സ്റ്റൈൽ മന്നൻ, ആരാധകരുടെ സ്വന്തം തലൈവർ രജനികാന്തിന് ഇന്ന് 75-ാം പിറന്നാൾ. ആരാധകരും സിനിമാ പ്രവർത്തകരുമൊക്കെ പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ്. സിനിമയിലെത്തി 50 വർഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ താരപദവിക്ക് യാതൊരുവിധ കോട്ടവും സംഭവിച്ചിട്ടില്ല. വയസാനാലും ഉന്‍ സ്റ്റൈലും അഴകും ഇന്നും ഉന്നേ വിട്ട് പോകലേ… എന്ന പടയപ്പയിലെ ഡയലോഗ് ഏറ്റവും കൂടുതൽ യോജിക്കുന്നതും രജനിക്ക് തന്നെയാണ്.
സിനിമയിൽ അഭിനയിച്ച ഈ 50 വർഷവും എനിക്ക് 10 -15 വർഷം പോലെയാണ് തോന്നിയത്. കാരണം എനിക്ക് സിനിമയും അഭിനയവും അത്രയ്ക്ക് ഇഷ്ടമാണ്. നൂറ് ജന്മം കൂടിയുണ്ടെങ്കിൽ, ഒരു നടനായി, രജനികാന്ത് ആയി തന്നെ ജനിക്കാനാണ് എനിക്ക് ആഗ്രഹം. ഈ പുരസ്‌കാരം സംവിധായകർക്കും നിർമാതാക്കൾക്കും എഴുത്തുകാർക്കും പിന്നെ എന്നെ ഞാനാക്കിയ തമിഴ് മക്കൾക്കും സമർപ്പിക്കുന്നു.
“അടുത്തിടെ ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ തന്റെ സിനിമയോടുള്ള അതിയായ മോഹത്തെക്കുറിച്ച് സൂപ്പർ സ്റ്റാർ പറഞ്ഞ വാക്കുകളാണിത്. വില്ലനിൽ തുടങ്ങി നായകനായും പിന്നീട് ലോകമെമ്പാടും ആരാധകരുള്ള തലൈവരായുമുള്ള രജനികാന്തിന്റെ വളർച്ച ഏതൊരു സിനിമാ മോഹിയെയും പ്രചോദിപ്പിക്കുന്നതാണ്.
അതുകൊണ്ടാണ് യെൻ വഴി തനീ വഴിയെന്ന് രജനി പറയുമ്പോൾ ആരാധകർ അത് ഹൃദയം കൊണ്ട് സ്വീകരിച്ചത്. ഇന്നും രജനിയെ തമിഴ് സിനിമയുടെ ഐക്കണായി നിലനിർത്തുന്നതും ഇതൊക്കെ തന്നെയാണ്. ഒരു മറാത്തി കുടുംബത്തിൽ നിന്നാണ് രജനികാന്ത് വരുന്നതെന്ന കാര്യം അധികം ആർക്കുമറിയാത്ത കാര്യമാണ്. 1950 ഡിസംബർ 12 ന് ബംഗളൂരുവിലാണ് അദ്ദേഹം ജനിച്ചത്.
മഹാരാഷ്ട്ര വേരുകളുള്ളയാളാണ് അദ്ദേഹം. മറാത്തി സംസാരിക്കുന്നവരും മഹാരാഷ്ട്ര പാരമ്പര്യങ്ങൾ പിന്തുടരുന്നവരുമായ ഒരു വീട്ടിലാണ് അദ്ദേഹം വളർന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ രമാഭായിയും റാമോജി റാവു ഗെയ്ക്വാദും കർണാടകയിൽ സ്ഥിരതാമസമാക്കിയ മറാത്തി സംസാരിക്കുന്ന സമൂഹത്തിൽ പെട്ടവരായിരുന്നു. 1975 ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രജനികാന്ത് അഭിനയരംഗത്തേക്ക് കടന്നുവന്നത്.
പിന്നീടിങ്ങോട്ട് പല വേഷങ്ങളിൽ പല ഭാവങ്ങളിൽ രജനികാന്തിനെ സിനിമാ പ്രേക്ഷകർ കണ്ടു. പടയപ്പ, ബാഷ, ദളപതി, ബില്ല, അണ്ണാമലൈ, മുത്തു, ശിവാജി, യന്തിരൻ, ജയിലർ അങ്ങനെ പോകുന്ന തലയെടുപ്പുള്ള രജനി കഥാപാത്രങ്ങൾ. കൂലിയാണ് രജനികാന്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ലാണ് അദ്ദേഹത്തിന്റേതായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. മാത്രമല്ല എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ പടയപ്പയുടെ രണ്ടാം ഭാഗവും അടുത്തിടെ രജനി പ്രഖ്യാപിച്ചിരുന്നു. ‘നീലംബരി: പടയപ്പ 2’ എന്നാണ് ചിത്രത്തിന്റെ പേരെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരായിരം പ്രതീക്ഷകളോടെയാണ് ഈ രജനി ചിത്രങ്ങളെല്ലാം ആരാധകർ കാത്തിരിക്കുന്നത്.



















