ഡല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക തീവ്ര പരിശോധനയുടെ സമയപരിധി നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് സമയം നീട്ടിയത്. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 14 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 18 വരെയും ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 26 വരെയുമാണ് നീട്ടിയത്.
എസ്‌ഐആര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്തതുള്‍പ്പടെ ഗുരുതര പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തീയതി 6 ഇടങ്ങളില്‍ ഇന്ന് അവസാനിക്കേണ്ടതായിരുന്നു, ഇതാണ് ഒരാഴ്ചകൂടി നീട്ടിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച കേരളത്തിന് നേരത്തെ സമയം നീട്ടി നല്‍കിയിരുന്നു. കേരളത്തില്‍ എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തിയതി ഡിസംബര്‍ 18വരെയാണ് നീട്ടിയത്. ഡിസംബര്‍ 23ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുക. എസ്‌ഐആര്‍ നടപടികള്‍ നീട്ടണമെന്ന പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷന്‍ തള്ളി. ബംഗാളില്‍ എസ്‌ഐആര്‍ കാലാവധി ഇന്ന് രാത്രി തന്നെ അവസാനിക്കും. 55 ലക്ഷം പേരാണ് ബംഗാളിലെ പട്ടികയില്‍ നിന്ന് ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍.




















