കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധി എന്തായിരിക്കുമെന്നും എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതെങ്ങനെയെന്നുമുള്ള ആകാംക്ഷയിലാണ് പൊതുസമൂഹം. ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് അഭിഭാഷകരോടും മാധ്യമപ്രവര്‍ത്തകര്‍ക്കും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് മുന്നറിയിപ്പ് നല്‍കി.
കോടതിയില്‍ വാദം തുടങ്ങുന്നതിന് മുമ്പ് തന്നെ ജഡ്ജി തുടങ്ങിയത് ഇങ്ങനെയാണ്, ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവൃത്തികള്‍ ഉണ്ടാകരുത് . തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി പറഞ്ഞു. അങ്ങനെയുണ്ടായാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കും”, ജഡ്ജി പറഞ്ഞു. എട്ടാം പ്രതിയെ വെറുതെവിട്ടതില്‍ പലരും കോടതിയെ വിമര്‍ശിച്ചിരുന്നു. ചിലര്‍ കോടതിയലക്ഷ്യമാകുന്ന രീതിയില്‍ തന്നെ പ്രതികരണവും നടത്തിയിരുന്നു.
ആറ് പ്രതികള്‍ക്കുമുള്ള ശിക്ഷാ വിധിയില്‍ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടക്കുന്നത്. ഇനിയും വിവരങ്ങള്‍ പുറത്തു വരാനുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികള്‍ എല്ലാവരും തങ്ങള്‍ക്ക് പറയാനുള്ളത് കോടതിയെ ബോധിപ്പിച്ചു. എല്ലാവര്‍ക്കും ഒരേ പങ്കാളിത്തമാണ് ഈ കേസിലുള്ളതെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച കേസില്‍ നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആദ്യ ആറു പ്രതികളെയാണ് വിചാരണക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിജീഷ് വിപി, എച്ച് സലിം എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തരാക്കിയത്.




















