നാളെ ഉച്ചയോടെ തന്നെ എല്ലാ ഫലങ്ങളും അറിയാനാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നത്. വോട്ട് എണ്ണിത്തുടങ്ങി അരമണിക്കൂര് കഴിയുമ്ബോൾ തന്നെ ആദ്യഫലസൂചനകള് ലഭ്യമാകും.
ജില്ല തിരിച്ചുള്ള വോട്ടെണ്ണല് കേന്ദ്രങ്ങൾ താഴെ:
തിരുവനന്തപുരം-16, കൊല്ലം-16, പത്തനംതിട്ട-12, ആലപ്പുഴ-18, കോട്ടയം-17, ഇടുക്കി-10, എറണാകുളം-28, തൃശ്ശൂര്-24, പാലക്കാട്-20, മലപ്പുറം-27, കോഴിക്കോട്-20, വയനാട്-7,കണ്ണൂര്-20, കാസര്കോട്-9, ആകെ-244
ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില് വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്പ്പറേഷന് തലങ്ങളില് അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.
14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റല് ബാലറ്റുകള് എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തില് കളക്‌ട്രേറ്റുകളിലായിരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല് ബാലറ്റുകള് അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും.
ആദ്യം എണ്ണുക തപാല് ബാലറ്റുകള്
ആദ്യം വരണാധികാരിയുടെ മേശപ്പുറത്ത് തപാല് ബാലറ്റ് എണ്ണിത്തുടങ്ങും. വോട്ടെണ്ണല് ആരംഭിക്കുന്നതിനി തൊട്ടുമുന്പുവരെ ലഭിക്കുന്ന തപാല് വോട്ടുകള് കവര് പൊട്ടിച്ച് എല്ലാ ഫോമുകളും ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാകും എണ്ണുക. സമയത്തിന് ശേഷം ലഭിക്കുന്ന ബാലറ്റുകള് എണ്ണാതെ മാറ്റിവെക്കും.
വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാര്ഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തില് സ്ട്രോങ് റൂം തുറന്ന് ഓരോ വാർഡിലെയും വോട്ടിങ് മെഷീനുകളുടെ കണ്ട്രോൾ യൂണിറ്റുകള് വോട്ടെണ്ണൽ ഹാളിലേക്ക് എത്തിക്കും. വാർഡ് 1 മുതലുള്ള ക്രമത്തിലാണ് മെഷീനുകള് എത്തിക്കുക. ഒരു വാർഡിലെ എല്ലാ ബൂത്തിലേയും മെഷീനുകള് ഒരു മേശയിലാണ് എണ്ണുക. സ്ഥാനാർഥിയുടേയോ അവർ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടേയോ സാന്നിധ്യം ഓരോ മേശയിലും ഉണ്ടാവും.
ത്രിതല പഞ്ചായത്തുകളിലേക്ക് ഓരോ മേശയിലും കൗണ്ടിങ് സൂപ്പര്വൈസർ, 2 കൗണ്ടിങ് അസിസ്റ്റന്റുമാർ. നഗരസഭകളിലും കോര്പറേഷനുകളിലും ഒരു കൗണ്ടിങ് സൂപ്പര്വൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും ഉണ്ടാവും.
ഓരോ പഞ്ചായത്തിന്റെയും നഗരസഭയുടെയും കൗണ്ടിങ് ഹാളില് റിട്ടേണിങ് ഓഫിസറുടെ മേശയ്ക്കു സമീപം വോട്ടെണ്ണൽ, ടാബുലേഷൻ, പാക്കിങ്, സീലിങ് എന്നിവയ്ക്കു പ്രത്യേകം മേശകളും ഉണ്ടായിരിക്കും.
പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ച് വോട്ടെണ്ണാൻ പഞ്ചായത്തുകളിൽ വരണാധികാരിക്കു കീഴിൽ പരമാവധി 8 മേശകളും നഗരസഭകളില് പരമാവധി 16 മേശകളുമാണ് ഉണ്ടാവുക.
ടേബിളിൽ വെക്കുന്ന കണ്ട്രോൾ യൂണിറ്റില് സീലുകള്, സ്പെഷ്യല് ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിങ്, ഇലക്ഷന് ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വോട്ടെണ്ണൽ ആരംഭിക്കുക.
കൗണ്ടിങ് സൂപ്പര്വൈസർ കണ്ട്രോൾ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്യുമ്ബോൾ ഡിസ്പ്ലേയിൽ പച്ച ലൈറ്റ് തെളിയും. പിന്നാലെ റിസല്ട്ട് ബട്ടണിനു മുകളിലെ പേപ്പർ സീൽ പൊട്ടിച്ച് ബട്ടൺ അമർത്തും.
പോസ്റ്റ് 1, പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഘട്ടങ്ങളായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഫലം പുറത്തുവരും.
കണ്ട്രോൾ യൂണിറ്റിൽ നിന്നും ആദ്യം ലഭിക്കുക ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുനിലയാണ്. പിന്നാലെ ബ്ലോക്ക്പഞ്ചായത്ത് സ്ഥാനാര്ത്ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും വോട്ടുനില ലഭിക്കും. ഓരോ കണ്ട്രോൾ യൂണിറ്റിലെയും ഫലം അപ്പപ്പോൾ കൗണ്ടിങ് സൂപ്പര്വൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നല്കും. ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരിയാണ് ഫലപ്രഖ്യാപനം നടത്തുക. ലീഡ് നിലയും തല്സമയം അറിയാൻ സാധിക്കും.
ഓരോ വാർഡിലേയും കൗണ്ടിംങ് പൂർത്തിയാകുന്നതിനനുസരിച്ച് ആ വാര്ഡിലെ സ്ഥാനാര്ഥികളും ഏജന്റുമാരും പുറത്തുപോകണം.

















