‘പറയാനെന്തോ ബാക്കി വച്ച് ശ്രീനിവാസന്‍ മടങ്ങി, ഏത് കാലത്തും പുനര്‍വായിക്കേണ്ട എഴുത്ത്’: ബി ഉണ്ണികൃഷ്ണന്‍

Dec 20, 2025

മലയാള സിനിമയിലെ ഏറ്റവും ദീപ്തായ കാലഘട്ടമാണ് അവസാനിക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണന്‍. നടന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍. ഏത് കാലത്തും പുനര്‍വായക്കേണ്ട എഴുത്തുകളായിരുന്നു ശ്രീനിവാസന്റേതെന്നും ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

”ഏത് കാലത്തും പുനര്‍വായിക്കപ്പെടേണ്ട എഴുത്തുകളും ആവിഷ്‌കാരങ്ങളുമായിരുന്നു ശ്രീനിവാസന്റേത്. അഭിനയത്തിലും അദ്ദേഹം കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ ഇനിയുള്ള കാലം ചര്‍ച്ച ചെയ്യപ്പെടും. മലയാള സിനിമയിലെ ഏറ്റവും ദീപ്തമായ കാലഘട്ടമാണ് ഇതോടെ അവസാനിക്കുന്നത്.’എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

”അദ്ദേഹം ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നത്. ഞാന്‍ വേണ്ടെന്ന് വച്ച 500ലധികം സിനിമകളാണ് മലയാള സിനിമയ്ക്കുള്ള എന്റെ സംഭാവന എന്നായിരുന്നു ആ വാക്കുകള്‍. എനിക്ക് തോന്നുന്നു അദ്ദേഹം ചെയ്യാതെ പോയ സിനിമകളാണ് നമ്മുടെ തീരാനഷ്ടം.” ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

കുറെ അധികം നാളുകളായി അദ്ദേഹത്തിന്റെ അനാരോഗ്യം നമ്മെ വിഷമിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഇടയക്ക് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇനിയും സിനിമകളെഴുതാന്‍ അദ്ദേഹത്തിന്റെ തൂലികയില്‍ മഷി ബാക്കിയുണ്ടായിരുന്നു. പക്ഷെ അനാരോഗ്യം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ശ്രീനിവാസന്‍ പറയാനെന്തോ ബാക്കിവെച്ചാണ് മടങ്ങിയത് എന്നും അദ്ദേഹം പറയുന്നു.

ഡയാലിസിസിനായി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. 69 വയസായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇന്ന് വിരാമമായത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭ. 1976 ല്‍ പുറത്തിറങ്ങിയ മണിമുഴക്കത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. 2018 ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ ആണ് ഒടുവിലെഴുതിയ സിനിമ.

LATEST NEWS