ശ്രീനിവാസന്റെ വേര്‍പാട് വലിയ വേദനയാണെന്ന് മോഹന്‍ലാല്‍. ഒരുപാട് വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ ഒരുമിച്ച് കടന്നു പോയവരാണ് തങ്ങളെന്നും മോഹന്‍ലാല്‍ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏറെകാലം ഒരുമിച്ച് യാത്ര ചെയ്തവരാണ് തങ്ങളെന്നും മോഹന്‍ലാല്‍ തന്റെ പ്രിയ സുഹൃത്തിനെ ഓര്‍ത്തുകൊണ്ട് പറഞ്ഞു.
”രാവിലെയാണ് അറിഞ്ഞത്. ഡയാലിസിന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഈയ്യടുത്ത് ഞാനും ആ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോള്‍ അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. പക്ഷെ കാണാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം സര്‍ജറി കഴിഞ്ഞ് ഐസിയുവിലായിരുന്നു. ശ്രീനിവാസനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഒരുപാട് ബന്ധമുള്ള ടീമായിരുന്നു ഞങ്ങളുടേത്. ഞാന്‍, ശ്രീനിവാസന്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഇന്നസെന്റ് അവരൊക്കെ.. എന്നേക്കാളും കൂടുതല്‍ സമയം ശ്രീനി ചെലവിട്ടത് അവര്‍ക്കൊപ്പമായിരുന്നു” മോഹന്‍ലാല്‍ പറയുന്നു.
”നടന്‍ എന്ന രീതിയില്‍ മാത്രമായിരുന്നില്ല ഞങ്ങളുടെ ബന്ധം. ഒരുപാട് വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവുമായി ഒരുപാട് ബന്ധമുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും ഒരുപാട് ബന്ധമുണ്ട്. ഞങ്ങള്‍ ചേര്‍ന്ന് ചെയ്തിരിക്കുന്ന സിനിമകള്‍ സമൂഹത്തോടുള്ള സര്‍ക്കാസ്റ്റിക് ചോദ്യങ്ങള്‍ ചോദിച്ചതായിരുന്നു. കാണുമ്പോള്‍ തമാശപ്പടം ആയിരുന്നുവെങ്കിലും ഉള്‍ക്കാമ്പുള്ള സിനിമകളായിരുന്നു ശ്രീനി എഴുതിയിരുന്നത്.
ജീവിതത്തെ വളരെ വ്യത്യസ്തമായി കണ്ടിരുന്ന വ്യക്തിയായിരുന്നു ശ്രീനി. പ്രത്യേക സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്. ഹ്യൂമറിലൂടെ ജീവിച്ചയാളാണ്. നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമാണ്. കുറേക്കാലമായി അദ്ദേഹത്തിന് ഒരുപാട് അസുഖങ്ങളുണ്ടായിരുന്നു. അതില്‍ നിന്നെല്ലാം മാറി മാറി വരുന്ന സമയത്താണ് ഇത് സംഭവിച്ചത്.
എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. കുടുംബവുമായും വളരെ അടുത്ത ബന്ധമാണ്. ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമാണ്. ഞാന്‍ പിണങ്ങാറില്ലെങ്കിലും. അത്തരം പിണക്കങ്ങള്‍ ജീവിതത്തിലെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നത്. എത്രയോ കാലത്തെ യാത്രയില്‍ കൂടെയുണ്ടായിരുന്ന ആളാണ്. അദ്ദേഹം പോകുമ്പോള്‍ പെട്ടെന്ന് എല്ലാം ഓര്‍ത്തെടുക്കാന്‍ പ്രയാസമുണ്ട്.” എന്നും മോഹന്‍ലാല്‍ പറയുന്നു.














