മമ്മൂട്ടിയെത്തി; തന്റെ ശബ്ദമായവനെ, പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി കാണാന്‍…; വിമലയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്തും

Dec 20, 2025

പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി ശ്രീനിവാസന് അന്തിമോപരചാരമര്‍പ്പിക്കാന്‍ കണ്ടനാട്ടെ വീട്ടിലെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം രമേശ് പിഷാരടിയുമുണ്ടായിരുന്നു. ശ്രീനിവാസന്റെ ഭാര്യ വിമലയെ ആശ്വസിപ്പിക്കുന്ന സുല്‍ഫത്തിന്റെ ദൃശ്യങ്ങള്‍ നോവായി മാറുകയാണ്.

വളരെയധികം ആത്മബന്ധമുണ്ടായിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഒരുകാലത്ത് ഒരുമുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അങ്ങനെയാണ് അവര്‍ സുഹൃത്തുക്കളാകുന്നത്. അതേസമയം മലയാള സിനിമയില്‍ ആദ്യമായി മമ്മൂട്ടിയുടെ ശബ്ദമായതും ശ്രീനിവാസനായിരുന്നു. മേള, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, വിധിച്ചതും കൊതിച്ചതും എന്നീ സിനിമകളില്‍ മമ്മൂട്ടിയ്ക്ക് ശബ്ദമായത് ശ്രീനിവാസനായിരുന്നു.

ജീവിതത്തിലുടനീളം തങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. തന്റെ വിവാഹത്തിന് മമ്മൂട്ടി സാമ്പത്തികമായി സഹായിച്ചതിനെക്കുറിച്ച് ശ്രീനിവാസന്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം, തനിക്ക് ആദ്യമായി പ്രതിഫലം തന്നത് ശ്രീനിവാസനാണെന്ന് മമ്മൂട്ടിയും പറഞ്ഞിട്ടുണ്ട്. മേളയില്‍ അഭിനയിച്ചതിന് പ്രതിഫലമായി 500 രൂപയുടെ ചെക്ക് മമ്മൂട്ടിയ്ക്ക് കൈമാറിയത് ശ്രീനിവാസനായിരുന്നു.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ശ്രീനിവാസന്റെ മരണം. 69 വയസായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇന്ന് വിരാമമായത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭ. 1976 ല്‍ പുറത്തിറങ്ങിയ മണിമുഴക്കത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി.

ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദനയിലാണ് മലയാള സിനിമാലോകം. ”യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ.” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

LATEST NEWS

താലി വാങ്ങാന്‍ കാശ് തന്ന മമ്മൂട്ടി, ആലീസിന്റെ വള വിറ്റ ഇന്നസെന്റും; കല്യാണത്തെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞത്

ദാസനേയും വിജയനേയും സൃഷ്ടിച്ച് മലയാളിയുടെ സൗഹൃദത്തിന് എക്കാലത്തേയ്ക്കുമൊരു ടെംപ്ലേറ്റ് നല്‍കിയ...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ്: രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ്: രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ...