ക്രിസ്മസിന് സാന്റ ഓഫര്‍; 280 ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍; സപ്ലൈകോ ഫെയറുകള്‍ നാളെ മുതല്‍

Dec 21, 2025

കൊച്ചി: സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ നാളെ മുതല്‍. സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 22 രാവിലെ 10:00 ന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ വച്ച് ബഹു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വില്പന സ്വീകരിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും. ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍

പ്രമുഖ ബ്രാന്‍ഡുകളുടെ 280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഇളവുകളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചുമുതല്‍ 50 ശതമാനംവരെ വിലക്കുറവുമുണ്ടാകും. സപ്ലൈകോയില്‍ നിലവിലുള്ള 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്കുമുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരുകിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും. ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫറായി 12 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പ്രത്യേകകിറ്റുണ്ട്. കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റിന് 500 രൂപയാണ്.

സപ്ലൈകോയുടെ പെട്രോള്‍പമ്പുകളില്‍നിന്ന് 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും 1000 രൂപയ്ക്കുമുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ നല്‍കും. 1000 രൂപയ്ക്ക് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക കൂപ്പണ്‍ ഉപയോഗിച്ചാല്‍ 50 രൂപ ഇളവ് ലഭിക്കും.

LATEST NEWS