മലപ്പുറം: മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ച് രണ്ടുമണിക്കൂര്‍ ആകുന്നതിന് മുന്‍പാണ് യുഡിഎഫ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടിയതിനാലും ജനത്തിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്തുമാണ് യുഡിഎഫ് തീരുമാനം. നേരത്തെ രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
പെരിന്തല്‍മണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് പെരിന്തല്‍മണ്ണയില്‍ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തര്‍ നടത്തിയ പ്രകടനത്തിനിടെയാണ് മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്.



















