ഗോവര്‍ദ്ധന്‍ മാളികപ്പുറത്ത് സമര്‍പ്പിച്ച സ്വര്‍ണം രേഖപ്പെടുത്താന്‍ എന്തുകൊണ്ട് വൈകി?; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച

Dec 22, 2025

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ മാളികപ്പുറത്ത് സമര്‍പ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തയച്ച 10 പവന്‍ സ്വര്‍ണമാല തുടക്കത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രായശ്ചിത്തമായാണ് ഗോവര്‍ദ്ധന്‍ മാല നല്‍കിയത്. 2021ലാണ് മാല സമര്‍പ്പിച്ചത്. കണക്കില്‍പ്പെടാതെ വര്‍ഷങ്ങളോളം ശബരിമലയില്‍ സൂക്ഷിച്ച മാല പിന്നീട് മഹസറില്‍ രേഖപ്പെടുത്തിയത് സ്വര്‍ണക്കൊള്ള വിവാദം പുറത്തുവന്നതിന് പിന്നാലെയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സ്‌പോണ്‍സറെന്ന നിലയില്‍ പോറ്റി പാളികള്‍ കടത്തി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനിലെത്തിച്ചു എന്നാണ് കണ്ടെത്തല്‍. അയ്യപ്പന്റെ സ്വര്‍ണമാണെന്നും വേര്‍തിരിച്ച് മറിച്ചു വില്‍ക്കാന്‍ പാടില്ലെന്നും അറിയാവുന്ന പ്രതികള്‍ അത് തട്ടിയെടുത്തുവെന്നാണ് എസ്‌ഐടി പറയുന്നത്. ഗോവര്‍ദ്ധന്റെ കയ്യിലെത്തിയ ശബരിമലയിലെ സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും എസ്‌ഐടി പറയുന്നു. ഇതിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നാണ് എസ്‌ഐടി പറയുന്നത്. രണ്ടുപേരുടെയും സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കാണാതായതിന് തുല്യമായ സ്വര്‍ണം കണ്ടെത്തി.

സ്വര്‍ണം വാങ്ങുന്നതിന് മുമ്പേ പല ഘട്ടങ്ങളിലായി ഒന്നര കോടി രൂപ ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പിനും മറ്റുമായി ഉണ്ണികൃഷ്ന്‍ പോറ്റിക്ക് ഗോവര്‍ദ്ധന്‍ നല്‍കി. സ്വര്‍ണം വാങ്ങിയ ശേഷം 15 ലക്ഷം നല്‍കി. ശബരിമല സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാനസിക വിഷമമുണ്ടായെന്നും പ്രായശ്ചിത്തത്തിനായി 10 ലക്ഷം രൂപയുടെ ഡിഡിയെടുത്ത് അന്നദാനത്തിനായി പോറ്റിക്ക് കൈമാറിയെന്നും ഗോവര്‍ദ്ധന്‍ മൊഴി നല്‍കി. മാളികപ്പുറത്ത് സമര്‍പ്പിക്കാന്‍ 10 പവന്‍ സ്വര്‍ണമാലയും പോറ്റിയുടെ കൈവശം കൊടുത്തയച്ചതായും ഗോവര്‍ദ്ധന്‍ സമ്മതിച്ചിട്ടുണ്ട്.

സ്‌പോണ്‍സര്‍മാരെന്ന നിലയില്‍ പ്രതികള്‍ക്ക് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കിടയില്‍ സ്വാധീനമുണ്ടെന്നും പ്രത്യേക സംഘം പറയുന്നു. പത്മകുമാറിനൊപ്പമുണ്ടായിരുന്ന മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ പങ്ക് എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ശങ്കര്‍ദാസിനെയും വിജയകുമാറിനെയും വീണ്ടും എസ്‌ഐടി ചോദ്യം ചെയ്യും. സ്വര്‍ണ കടത്തില്‍ ഇവരുടെ പങ്ക് തെളിയിക്കാനുള്ള വ്യക്തമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘ വൃത്തങ്ങള്‍ പറയുന്നത്.

LATEST NEWS
നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവം; ജീവനക്കാരിക്ക് ദാരുണാന്ത്യം

നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവം; ജീവനക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന...