ഡൽഹി: ജമ്മു കശ്മീരിൽ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് (ദൂരദർശിനി) കണ്ടെത്തി. ജമ്മു മേഖലയിലെ അസ്രാറാബാദിലാണ് സംഭവം. മാലിന്യ കൂമ്പാരത്തിൽ നിന്ന് ആറ് വയസ്സുള്ള ഒരു ആൺകുട്ടിക്കാണ് റൈഫിൾ സ്കോപ്പ് കിട്ടിയത്. ഇതേത്തുടർന്ന് ജമ്മുവിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഞായറാഴ്ചയാണ് കുട്ടിക്ക് ചൈനീസ് റൈഫിൾ സ്കോപ്പ് ലഭിക്കുന്നത്. കുട്ടി ഇതുപയോഗിച്ച് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചൈനീസ് അടയാളങ്ങളുള്ളതും സ്നൈപ്പർ, അസ്സോൾട്ട് റൈഫിളുകളുമായി ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ടെലിസ്കോപ്പാണ് കണ്ടെത്തിയത്. എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പൊലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും സമീപത്തുള്ള കാടുകയറിയ ഒരു സ്ഥലത്തുനിന്നാണ് റൈഫിൾ സ്കോപ്പ് കണ്ടെത്തുന്നത്. സംഭവത്തിൽ സാംബ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്‌ഒജി) പൊലീസും അന്വേഷണം നടത്തിവരികയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു



















