കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്നുച്ചയ്ക്ക് 640 രൂപ കൂടി വര്‍ധിച്ചതോടെ 15ന് രേഖപ്പെടുത്തിയ 99,280 രൂപ പവന്‍ വിലയാണ് പഴങ്കഥയായത്. പവന് 99,840 രൂപയാണ് ഇന്നത്തെ വില. ഇന്ന് രണ്ട് തവണയായി 1440 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 180 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിലവിലെ വില 12,480 രൂപയാണ്.
സ്വര്‍ണവില ഒരു ലക്ഷം കടന്ന് കുതിക്കുമോ എന്ന ആകാംക്ഷയിലാണ് വിപണി. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.



















