ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചതായി സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്. ഇതുസംബന്ധിച്ച ആലോചനയുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും ഇന്ത്യയുടെ ആര്‍ഷ ഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നുരണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ബ്രിട്ടാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ വിമര്‍ശിക്കുന്നതിനിടെയാണ് ബ്രിട്ടാസ് ഇക്കാര്യം പറഞ്ഞത്.
ഒരുപക്ഷേ ഈ പ്രിയങ്ക ഗാന്ധിയും കൂട്ടരും മഹാത്മാ ഗാന്ധിയെ ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും നീക്കിയ ശേഷമുള്ള ചായ സല്‍ക്കാരത്തിലും പങ്കെടുക്കുമായിരിക്കുമെന്നാണ് താന്‍ വിചാരിക്കുന്നതെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു. ജനാധിപത്യവിരുദ്ധമായ ബില്ലുകള്‍ പാസാക്കുന്ന സര്‍ക്കാരിനോട് മൃദുസമീപനം സ്വീകരിക്കുന്നത് പ്രതിപക്ഷത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നു പറഞ്ഞ ബ്രിട്ടാസ്, ഇന്ത്യയിലെ 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുന്ന തൊഴിലുറപ്പ് ബില്‍ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചായ സല്‍ക്കാരത്തിന് പ്രിയങ്ക പോയത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രിയങ്ക ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുമായി എന്താണ് ബന്ധമുള്ളതെന്നും ബ്രിട്ടാസ് ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ലീഡറോ, ഡെപ്യൂട്ടി ലീഡറോ, ചീഫ് വിപ്പോ പോലെയുള്ള യാതൊരു ഔദ്യോഗിക പദവികളും ഇല്ലാതിരുന്നിട്ടും പ്രിയങ്ക ഗാന്ധി എന്തിനാണ് അവിടെ പോയതെന്നും ബ്രിട്ടാസ് ചോദിച്ചു.


















